ബംഗളൂരു: കര്‍ണ്ണാടക മന്ത്രിയും ബിജെപി നേതാവുമായ രമേഷ് ജര്‍ക്കിഹോളി ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സാമൂഹ്യ പ്രവര്‍ത്തകനായ ദിനേഷ് കല്ലഹള്ളി പൊലീസ് കമ്മീഷണര്‍ കമല്‍ പന്തിനെ സമീപിച്ചു. കര്‍ണ്ണാടക ജലവിഭവ വകുപ്പ് മന്ത്രിയാണ് ആരോപണവിധേയനായ രമേഷ് ജര്‍ക്കിഹോളി.
കെപിടിസിഎലില്‍ ജോലി വാഗ്ദാനം ചെയ്ത് 25കാരിയായ യുവതിയെ നിരവധി തവണ മന്ത്രി പീഡിപ്പിച്ചെന്നാണ് ദിനേഷ് കല്ലഹള്ളി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. മന്ത്രിയുടെ വീഡിയോ യുവതി ചിത്രികരിച്ചിരുന്നുവെന്നും ഇതറിഞ്ഞ മന്ത്രി ഇവരെ ഭീഷണിപ്പെടുത്തി എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 02/03/21 ചൊവ്വാഴ്ച്ചയാണ് ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
യുവതിയുടെ കുടുംബം മനുഷ്യാവകാശ പ്രവർത്തകൻ ദിനേഷ് കല്ലഹള്ളിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മന്ത്രിയുടെ ഭാഗത്തും നിന്നും അപായശ്രമങ്ങള്‍ ഉണ്ടാകുമോ എന്ന ഭീതിയിലാണ് കുടുംബം. അതിനാല്‍ അവര്‍ക്ക് സംരക്ഷണം ഒരുക്കണം എന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മാസം മുമ്പ് ബംഗളൂരുവിലെ കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടക്കുന്നത്. അതുകൊണ്ട് തന്നെ കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയതായും കല്ലഹള്ളി വ്യക്തമാക്കി. അതേ സമയം മന്ത്രിയോട് രാജി വയ്ക്കാൻ ബി ജെ പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി സൂചനയുണ്ട്.