കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും എംഎല്‍എ എം മുകേഷിനും വിമര്‍ശനം. വലിയ അനുഭവസമ്പത്തുള്ള മന്ത്രി വിവാദങ്ങള്‍ക്ക് കാരണമായ സംഭവങ്ങളില്‍ ജാഗ്രത കാണിച്ചില്ല എന്നായിരുന്നു വിമര്‍ശനം. മേഴ്‌സിക്കുട്ടിയമ്മ കൂടി പങ്കെടുത്ത 02/03/21 ചൊവ്വാഴ്ചത്തെ യോഗത്തില്‍ ആയിരുന്നു ഇത്തരം ഒരു അഭിപ്രായം. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുയര്‍ന്നില്ല. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ എസ്.എല്‍ സജി കുമാര്‍, എസ് ജയമോഹന്‍ എന്നിവരില്‍ ഒരാളെ പരിഗണിക്കണം.
മുകേഷ് പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും വിമര്‍ശനമുയര്‍ന്നു. മുകേഷിനെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്ന് പി.കെ ഗുരുദാസന്‍ പറഞ്ഞു. മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലും എതിര്‍പ്പുയര്‍ന്നില്ല. മറ്റാരേയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന നേതൃത്വം ആലോചിച്ചാല്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എസ്. ജയമോഹനെ പരിഗണിക്കണം. മുകേഷ് മണ്ഡലത്തില്‍ സജീവമായിരുന്നില്ല എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഒരിക്കല്‍ക്കൂടി മത്സരിക്കാനുള്ള താല്പര്യം മുകേഷ് മുതിര്‍ന്ന നേതാക്കളുമായി പങ്കുവെച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിര്‍ണായകമാകും.
കൊട്ടാരക്കരയില്‍ കെ.എന്‍ ബാലഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്.ആര്‍ അരുണ്‍ ബാബു, ഐഷ പോറ്റി, എസ്. ജയമോഹന്‍ എന്നിവരുടെ പേരുകള്‍ പരിഗണനാ പട്ടികയിലുണ്ട്. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം മത്സരിച്ച ചവറ കൂടി ഏറ്റെടുത്ത് ഇത്തവണ മത്സരിക്കാന്‍ ഒരുങ്ങുന്നത് അഞ്ചിടത്താണ്. ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും. മുന്‍ എംഎല്‍എ ചവറ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയനാകും ചവറയില്‍ സ്ഥാനാര്‍ഥി. എന്നാല്‍ സുജിത്തിന് പാര്‍ട്ടി ചിഹ്നം നല്‍കുന്നതില്‍ അന്തിമ തീരുമാനമായില്ല. കുന്നത്തൂര്‍ മണ്ഡലം സിപിഐഎം എറ്റെടുക്കില്ല. ഇടതു സ്വതന്ത്രനായി കോവൂര്‍ കുഞ്ഞുമോന്‍ തന്നെയാവും അഞ്ചാമതും മണ്ഡലത്തില്‍ ജനവിധി തേടുക.