തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരകടലാസ് പിടിച്ചെടുത്ത സംഭവത്തില്‍ യൂണിവേഴ്‌സിറ്റി ഡീ ബാര്‍ ചെയ്തിരുന്ന അധ്യാപകന് സ്ഥാനക്കയറ്റം നല്‍കാമെന്ന് നിയമോപദേശം. യൂണിവേഴ്‌സിറ്റി കോളേജ് അറബിക്ക് അധ്യാപകന്‍ അബ്ദുള്‍ ലത്തീഫിനെ അറബിക്ക് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാക്കാനാണ് നിയമോപദേശം. ലത്തീഫിന് പരീക്ഷ നടത്തിപ്പ് ചുമതലയുളള സമയത്താണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഉത്തരക്കടലാസ് നഷ്ടപ്പെടുന്നതും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുക്കുന്നതും. അബ്ദുള്‍ ലത്തീഫിനെ സര്‍വകലാശാലയില്‍ നിയമിക്കാനുളള സെലക്ഷന്‍കമ്മറ്റിയുടെ ശിപാര്‍ശ സിന്‍ഡിക്കേറ്റിന്റെ പരിഗണനക്കുവന്നപ്പോള്‍ സര്‍വകലാശാല ഡീബാര്‍ ചെയ്ത വിവരം ഉയര്‍ന്നുവന്നിരുന്നു. ഇതേതുടര്‍ന്നാണ് സ്റ്റാന്റിംഗ് കോണ്‍സലില്‍ നിന്ന് സര്‍വകലാശാല അനുകൂല നിയമോപദേശം നേടിയത്. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ലത്തീഫിനെ നിയമനിക്കാനാണ് നീക്കം. രാഷ്ട്രപതിയില്‍ നിന്ന് അറബിക്ക് ഭാഷ ഗവേഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌ക്കാരങ്ങള്‍ നേടിയ അപേക്ഷകരുള്‍പ്പടെയുളളവരെ ഒഴിവാക്കിയാണ് ലത്തീഫിന് നിയമനം നല്‍കാനുളള സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനമെന്ന് ആക്ഷേപമുണ്ട്.
പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ശിപാര്‍ശ നല്‍കിയിരുന്നതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയോടെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന്മുമ്പ് നിയമനം നല്‍കാന്‍ വിസിക്കുമേല്‍ സമ്മര്‍ദ്ദമുണ്ട്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് സംബന്ധിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അന്തിമ വിധിക്ക് വിധേയമായി പ്രൊഫസര്‍ നിയമനം നല്‍കാവുന്നതാണെന്നാണ് നിയമോപദേശകന്റെ നിലപാട്. ഉത്തര കലാസ് നഷ്ടപ്പെട്ട സംഭവം നടന്ന് ഒന്നരവര്‍ഷം കഴിഞ്ഞ് നിയമ സഭയില്‍ ഒച്ചപ്പാടായശേഷമാണ് സര്‍വകലാശാല ഈ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.