വീട്ടില്‍ ഒരു വിദ്യാലയം പദ്ധതി: പ്രൊഫഷണല്‍ തെറാപ്പിസ്റ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കോഴിക്കോട്: വീട്ടില്‍ ഒരു വിദ്യാലയം പദ്ധതിയുടെ ഭാഗമായ ടെലി റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിലെ പ്രൊഫഷണല്‍ തെറാപ്പിസ്റ്റുകള്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടര്‍പരിശീലനം ഉറപ്പുവരുത്തുന്നതിനുവേണ്ടി സാമൂഹ്യ നീതി വകുപ്പും ജില്ലാ ഭരണകൂടവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും സി.ഡി.എം.ആര്‍.പിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് വീട്ടില്‍ ഒരു വിദ്യാലയം. വ്യത്യസ്തമായ പരിശീലന പ്രവര്‍ത്തനങ്ങളാണ് പദ്ധതി വഴി നടപ്പിലാക്കുന്നത്.

ബുദ്ധിവികാസത്തിന് വെല്ലുവിളികളുള്ള കുട്ടികളെ വീടുകളില്‍ പരിശീലനം നല്‍കാന്‍ സഹായിക്കുന്ന സഹായ ഉപകരണങ്ങളുടെ വിതരണം, രക്ഷിതാക്കള്‍ക്കുള്ള പരിശീലന മാര്‍ഗരേഖകള്‍, ടെലി റിഹാബിലിറ്റേഷന്‍, ഓണ്‍ലൈന്‍ ട്രെയിനിങ് പ്രോഗ്രാം മുതലായ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ്   നടപ്പിലാക്കി വരുന്നത്. പദ്ധതി വഴി 16243 പേര്‍ക്ക് സേവനം ലഭിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബ് സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍സ്, ഒകുപേഷനല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരടങ്ങുന്നതാണ് നിലവിലെ ടെലി റീഹാബ് ടീം. 2020 ഏപ്രില്‍ 20 ന് കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് ആരംഭിച്ച സംവിധാനം സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.

ബുദ്ധിവികാസ വൈകല്യം, ഓട്ടിസം, എ.ഡി.എച്ച്.ഡി, സെറിബല്‍ പാള്‍സി, ഡൗണ്‍സിന്‍ഡ്രോം, സംസാര വൈകല്യം, ശാരീരിക വൈകല്യം, പഠനവൈകല്യം എന്നീ അവസ്ഥകളില്‍ ഉള്ള കുട്ടികള്‍ക്കും ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ തന്നെ ആയതു കാരണം ഉണ്ടാകുന്ന മറ്റു സ്വഭാവ പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും തെറാപ്പിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുമാണ് ടെലി റീഹാബിലൂടെ നല്‍കിവരുന്നത്.
 

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എം.ആര്‍.പി ജോയിന്റ് ഡയറക്ടര്‍ റഹീമുദ്ദീന്‍ പി.കെ, ടെലി റിഹാബിലിറ്റേഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ആദം സാദ, ടെലി റിഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍ തെറാപ്പിസ്റ്റുകള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം