നാഗ്പൂര്‍: മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൂനെയില്‍ മരിച്ച ഒരു സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഫഡ്‌നാവിസിനും അഞ്ച് ബി.ജെ.പി നേതാക്കള്‍ക്കുമെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നാണ് 01/03/21 തിങ്കളാഴ്ച പൊലീസിന്റെ നടപടി. ഐ.പി.സി 500, ഐ.പി.സി 501 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രാഷ്ട്രീയ ബഞ്ചാര പരിഷത്തിന്റെ യുവജന വിഭാഗത്തിന്റെ തലവനായ ശ്യാം സര്‍ദാര്‍ റാത്തോഡ് ആണ് ഫഡ്നാവിസിനും മറ്റുള്ളവര്‍ക്കും എതിരെ പരാതി നല്‍കിയിരിക്കുന്നത്. ചില വാര്‍ത്താ ചാനലുകളും മരിച്ച സ്ത്രീയെയും ബഞ്ചാര സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്നും ശ്യാം സര്‍ദാര്‍ റാത്തോഡ് ആരോപിച്ചു.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്നും റാത്തോഡ് പറഞ്ഞു. ഫെബ്രുവരിയിലാണ് പൂനെയിലെ ഹദാപ്സര്‍ പ്രദേശത്താണ് 23 കാരിയായ യുവതി മരിച്ചത്. ശിവസേന എം.എല്‍.എ സഞ്ജയ് റാത്തോഡിന് മരണവുമായി ബന്ധപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പിയും ശിവസേനയും തമ്മില്‍ വാക്‌പ്പോര് നടന്നിരുന്നു.