ന്യൂഡൽഹി: നടിയെ അക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. ഇതില്‍ കൂടുതല്‍ സമയം അനുവദിച്ച് തരില്ലെന്നും ഇത് അവസാനത്തെ നീട്ടലാണെന്നും വ്യക്തമാക്കിയാണ് സമയം അനുവദിച്ചു കൊണ്ട് 01/03/21 തിങ്കളാഴ്ച കോടതി ഉത്തരവായത്.
കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂട്ടറും പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും ഹാജരാക്കാത്തതിനാലാണ് സുപ്രീംകോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നായിരുന്നു സുപ്രീംകോടതയില്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്നത്. ഓഗസ്റ്റില്‍ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യവാരം പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഈ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.
ഇതിനിടെയായിരുന്നു കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ രാജി വെയ്ക്കുകയും വിഎന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തത്. ഈ കാരണത്താല്‍ സുപ്രീംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കത്തില്‍ പ്രത്യേകം കോടതി ജഡ്ജി വ്യക്തമാക്കിയത്. കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് 2019 നവംബര്‍ 29 ന് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു.