വോട്ടുറപ്പാക്കാൻ ജില്ലാ കലക്ടർ ഒളകരയിൽ

തൃശ്ശൂർ: ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പിന്റെ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ എസ് ഷാനവാസ്‌ ഒളകരയിലെ ആദിവാസി കോളനി സന്ദർശിച്ചു.പിന്നോക്ക വിഭാഗക്കാരുടെ പരമാവധി വോട്ട് ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. പീച്ചിക്ക് സമീപം ഒളകര ആദിവാസി കോളനിയിൽ പ്രശ്നബാധിത ബൂത്ത് സന്ദർശന വേളയിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്രമായി എല്ലാവരും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണം. പ്രലോഭനങ്ങളിലും ഭീഷണിയിലും വഴങ്ങാതെ വോട്ട് രേഖപ്പെടുത്താനുള്ള എല്ലാവിധ സഹായ സംവിധാനങ്ങളും ഭരണകൂടം ഒരുക്കുമെന്നും ഏതെങ്കിലും രീതിയിലുള്ള അനിഷ്ട സംഭവങ്ങൾ നേരിടേണ്ടി വന്നാൽ ഭരണകൂടത്തെ അറിയിക്കണമെന്നും ജില്ലാ കലക്ടർ പ്രദേശവാസികളെ അറിയിച്ചു. 18 വയസ്സ് തികഞ്ഞവർ വോട്ടർ പട്ടികയിൽ ഉടൻ പേര് ചേർക്കണം. പട്ടികയിൽ പേരില്ലാത്തവർ പേര് ചേർക്കുന്നതിനായി അധികൃതരെ സമീപിക്കണമെന്നും കലക്ടർ പറഞ്ഞു.

41 കുടുംബങ്ങളാണ് ഈ ആദിവാസി മേഖലയിൽ ഉള്ളത്. അടുത്ത ഊരുക്കൂട്ടത്തിൽ പങ്കെടുത്ത് ഈ പ്രദേശത്തെ മുഴുവൻ പേരെയും കാണുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ ഡി എഫ് ഒ യും ഒല്ലൂർ നിയോജകമണ്ഡലം റിട്ടേണിങ് ഓഫീസറുമായ ശില്പ വി കുമാർ, ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് സി എ ദേവദാസ്, അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മിഷണർ  കെ വി അബ്ദുൽ ഖാദർ  തുടങ്ങിയവർ കലക്ടറെ അനുഗമിച്ചു.

Share
അഭിപ്രായം എഴുതാം