തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മിറ്റിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, എ.ഡി.എം. ടി.ജി. ഗോപകുമാര്‍, ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പ് വെബ് ആന്‍ഡ് ന്യൂ മീഡിയ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.എസ്. ഇന്ദുശേഖര്‍, ദൂരദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ എം. മുഹ്‌സീന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ നല്‍കുന്ന പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, മോണിറ്ററിങ്, പെയ്ഡ് ന്യൂസ് മോണിറ്ററിങ്, ഇവയുമായി ബന്ധപ്പെട്ട പരാതികളുടെ പരിശോധന തുടങ്ങിയവയ്ക്കായാണു കമ്മിറ്റി രൂപീകരിച്ചത്.