ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വിജ്ഞാപനം ഇറങ്ങുന്ന മാര്‍ച്ച് 12 മുതല്‍ ആരംഭിക്കുമെന്നും കോവിഡ് മാനദണ്ഡം പാലിച്ച് നാമനിർദ്ദേശം സമർപ്പിക്കുന്നതിനായി സ്ഥാനാർത്ഥിയ്‌ക്കൊപ്പം വരുന്ന വ്യക്തികളുടെ എണ്ണം രണ്ട് ആയി പരിമിതപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. നാമനിർദ്ദേശത്തിനായി വാഹനങ്ങളുടെ എണ്ണവും രണ്ടായി ചുരുക്കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസറുടെ ചേംബറിൽ സാമൂഹിക അകല മാനദണ്ഡങ്ങൾ പാലിച്ച് നാമനിർദ്ദേശം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ എന്നിവയുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് മതിയായ ഇടം സജ്ജമാക്കും.
സ്ഥാനാര്‍ഥികള്‍ക്ക് കാത്തുനിൽക്കുന്നതിന് വലിയ ഇടം ക്രമീകരിക്കും. നാമനിർദ്ദേശ പ്രക്രിയയുടെ മുഴുവൻ സമയത്തും കോവിഡ് 19 പ്രോട്ടോക്കോൾ പരിപാലിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കും. സ്ഥാനാർത്ഥിയും ഒപ്പം വരുന്ന വ്യക്തികളും മാസ്ക്, കയ്യുറകൾ, ഫേസ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കാന്‍ ആവശ്യപ്പെടും. സാനിറ്റൈസർ മതിയായ അളവിൽ നൽകും. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും എന്‍-95 മാസ്കും ഫേസ് ഷീല്‍ഡും നല്‍കും.
വീട് കയറിയിറങ്ങിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം: കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായി വീട് കയറിയിറങ്ങിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രമേ പാടുള്ളൂ. മത്സരാര്‍ത്ഥികള്‍ ഉള്‍പ്പടെയാണിത്. സ്ഥാനാർത്ഥികൾക്കൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ (ഉണ്ടെങ്കില്‍ മാത്രം) ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോഡ് ഷോകൾ നടത്തുമ്പോള്‍ ഒരേ നിരയില്‍ അഞ്ചില്‍ക്കൂടുതല്‍ വാഹനങ്ങൾ പാടില്ല. (സുരക്ഷാ വാഹനങ്ങൾ ഒഴികെ).
തിരഞ്ഞെടുപ്പ് യോഗങ്ങൾ/ റാലികൾ: കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതുയോഗങ്ങൾ / റാലികൾ നടത്താം. പൊതുയോഗങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഇടങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. സ്ഥലങ്ങള്‍ നിശ്ചയിച്ചുള്ള നോട്ടിഫിക്കേന്‍ ജില്ല കളക്ടര്‍ ഇറക്കുന്നതാണ്. വ്യക്തമായി അടയാളപ്പെടുത്തിയ എൻട്രി / എക്സിറ്റ് പോയിന്റുകൾ ഇവിടെ ഉണ്ടായിരിക്കണം. യോഗങ്ങളില്‍ ഫെയ്‌സ് മാസ്കുകൾ, സാനിറ്റൈസർ, തെർമൽ സ്കാനിംഗ് മുതലായ എല്ലാ കോവിഡ് 19 അനുബന്ധ ആവശ്യങ്ങളും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉറപ്പുവരുത്തണം. നിർദ്ദേശങ്ങൾ പാലിക്കാത്തവര്‍ക്കെതിരെ ഐ പി സിയിലെ സെക്ഷൻ 188 പ്രകാരമുള്ള നിയമനടപടികൾക്ക് പുറമെ, ദുരന്തനിവാരണ നിയമത്തിലെ 2005 ലെ സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ അനുസരിച്ച് നടപടിക്ക് വിധേയമാകേണ്ടിവരും. പൊതു ഇടങ്ങൾ അനുവദിക്കുന്നതിന് സുവിധ ആപ്ലിക്കേഷൻ ഉപയോഗിക്കും.
കൊട്ടിക്കലാശം ഉണ്ടാകില്ല: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തവണ കൊട്ടിക്കലാശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്.
30 ശതമാനം വോട്ടിങ് മെഷീനുകള്‍ അധികം തയ്യാര്‍: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഉപയോഗിക്കുന്നതിനായി ആവശ്യമുള്ളതിലും 30 ശതമാനം വോട്ടിങ് യന്ത്രങ്ങള്‍ അധികമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടർ പറഞ്ഞു. പോളിങ് ഉദ്യോഗസ്ഥര്‍ക്കൊഴികെയുള്ളവര്‍ക്ക് പരിശീലനം പൂര്‍ത്തീകരിച്ചതായും കളക്ടര്‍ യോഗത്തെ അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റ്: 80 വയസ്സിന് മുകളില്‍ പ്രായമായ സീനിയര്‍ സിറ്റിസണ്‍, വോട്ടര്‍ പട്ടികയില്‍ ഭിന്നശേഷിക്കാര്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവര്‍, കോവിഡ് രോഗികള്‍/ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
ഇത്തവണ 938 പോളിങ് സ്റ്റേഷനുകള്‍ അധികം: കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ 1000 ത്തിലധികം വോട്ടര്‍മാരുള്ള പോളിങ് ബൂത്തുകളില്‍ അധിക പോളിങ് സ്റ്റേഷന്‍ ഒരുക്കും. നിലവിലുള്ള 1705 പോളിങ് ബൂത്തുകള്‍ക്ക് പുറമേ 938 അധിക പോളിങ് സ്റ്റേഷനുകള്‍ കൂടി ഇത്തവണ ഒരുക്കുന്നുണ്ട്. ജില്ലയില്‍ 28 ഇടങ്ങളില്‍ അധിക പോളിങ് ബൂത്തിന് കെട്ടിട സൗകര്യമില്ലാത്തതിനാല്‍ അവിടെ പ്രത്യേകം പോളിങ് ബൂത്ത് നിര്‍മിക്കുമെന്ന് ജില്ല കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പുറമേ എ.ഡി.എം.അലക്സ് ജോസഫ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജെ.മോബി, തിരഞ്ഞെടുപ്പ് സൂപ്രണ്ട് അന്‍വര്‍, വിവിധ ആര്‍.ഓമാര്‍, എ.ആര്‍.ഓമാര്‍ എന്നിവര്‍ പങ്കെടുത്തു.