വടകര: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി വടകരയില്‍ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യം ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. സഖ്യ ചര്‍ച്ചക്കായി ഇതുവരേയും കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് ആര്‍എംപി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ആര്‍എംപി എന്‍ വേണുവിനെ രംഗത്തിറക്കുമെന്നാണ് സൂചന.
കെകെ രമ മത്സരിച്ചാല്‍ പിന്‍താങ്ങുമെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ആര്‍എംപി കോണ്‍ഗ്രസ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. സഖ്യത്തിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ താല്‍പര്യമില്ലെന്നാണ് സൂചന.
വടകരയില്‍ ഇടത് മുന്നണിയില്‍ എല്‍ജെഡി സ്ഥാനാര്‍ത്ഥിയായി മനയത്ത് ചന്ദ്രനാണ് പരിഗണനയില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഐ മൂസ, കോട്ടയില്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഉയരുന്നുണ്ട്.
വടകരയിലെ ആര്‍എംപി-കോണ്‍ഗ്രസ് സഖ്യത്തിലെ വിള്ളല്‍ തൊട്ടടുത്ത മണ്ഡലമായ നാദാപുരം, കുറ്റ്യാടി തുടങ്ങിയ ഇടങ്ങളിലും സാരമായി ബാധിച്ചേക്കും.