വാക്‌സിനെടുത്തതിന്റെ പേരില്‍ സഹപ്രവര്‍ത്തകർ കളിയാക്കി, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍

ചിറയിന്‍കീഴ്: കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണിത്.

തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റായിരുന്നു ആനി. കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടെത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫിസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പോലീസ് കണ്ടെടുത്തു.

അടുത്തിടെ കോവിഡ് വാക്‌സിന്‍ എടുത്തതിന്റെ പേരില്‍ ഓഫിസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരില്‍ ഓഫിസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് വിവരം. കൂടുതല്‍ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.

പൊലീസ് ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുമെന്നു ലാന്‍ഡ് റവന്യു കമിഷണര്‍ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ഥികള്‍).

നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമിഷണര്‍ ഓഫിസില്‍ എത്തുന്നത്.

Share
അഭിപ്രായം എഴുതാം