ഇലന്തൂരില്‍ ഓട്ടോ തൊഴിലാളി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മകനടക്കം ഏഴുപേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടക്ക് സമീപം ഇലന്തൂരില്‍ ഓട്ടോറിക്ഷാ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ അടക്കം ഏഴുപേര്‍ പോലീസ് കസ്റ്റഡിയില്‍. 2021 ഫെബ്രുവരി 26ന് വെളളിയാഴ്ചയാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ എബ്രാഹം ഇട്ടി വീട്ടിനുളളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടത്. തലക്ക് ആഴത്തിലേറ്റ മുറിവായിരുന്നു മരണത്തിന് കാരണം.

എബ്രാഹം ഇട്ടിയുടെ മകനും ആറു ബന്ധുക്കളും ഇതുമായി ബന്ധപ്പെട്ട് പിടിയിലായി. അര്‍ദ്ധരാത്രിയില്‍ നടന്ന കൊലപാതകത്തിന്റെ പൊരുള്‍തേടി ഇറങ്ങിയ പോലീസ് 48 മണിക്കൂറിനുളളില്‍ പ്രതികളെ പിടികൂടി. എബ്രഹാം ഇട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. മരണദിവസം ഒപ്പമിരുന്ന് മദ്യപിച്ച എല്ലാവരേയും ചോദ്യം ചെയ്തു.

ഒടുവിലാണ് കേസില്‍ മകന്‍ പിടിയിലായത്. മകനൊപ്പം സംഭവ സ്ഥലത്തുണ്ടായിരുന്ന ആറ് ബന്ധുക്കളും പിടിയിലായി. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഏറെനാളായി ഭാര്യയും മകനുമായി അകന്നുകഴിയുകയായിരുന്നു എബ്രാഹം. ഭാര്യയും മക്കളുമായി മുമ്പ് നിരന്തരം വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലുളള പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരുന്നു.

Share
അഭിപ്രായം എഴുതാം