വാക്സിനേഷന്‍ നിര്‍ബന്ധം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടം

എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോവിഡ് പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ അറിയിച്ചു. 117 വാക്സിനേഷന്‍ കേന്ദ്രങ്ങളുടെയും ലിസ്റ്റ് താലൂക്ക്, വില്ലേജ് തലങ്ങളില്‍ കൈമാറി. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെ തീയതികളിലായി എല്ലാ ജീവനക്കാർക്കും കുത്തിവെപ്പ്  നൽകും.       
കുത്തിവെപ്പ് സംബന്ധിച്ച സന്ദേശം എല്ലാ ജീവനക്കാരിലും എത്തിക്കാൻ ബി.എസ്.എന്‍.എല്‍ മെസേജ് സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുവരെ വാക്സിനേഷനായി പേര് രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും പേരുകള്‍ ചേര്‍ക്കാന്‍ ആര്‍.സി.എച്ച് കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എല്ലാ ജീവനക്കാര്‍ക്കും അറിയിപ്പ് നല്‍കുന്നതിനായി നിര്‍ദ്ദേശം നല്‍കി. വാക്സിനേഷന്‍ സംബന്ധിച്ച സംശയനിവാരണത്തിനായി അതത് വില്ലേജ് ഓഫീസുകളെയോ പൊതു ആരോഗ്യകേന്ദ്രങ്ങളെയോ സമീപിക്കാം. ജില്ലയിലെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെടുന്നത് 28352 ഉദ്യോഗസ്ഥരാണ്. 35000 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

Share
അഭിപ്രായം എഴുതാം