ന്യൂഡൽഹി: അന്താരാഷ്ട്ര യാത്രാവിമാന സർവീസുകൾക്കുള്ള നിയന്ത്രണം മാർച്ച് 31 വരെ നീട്ടി ഡിജിസിഎ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ നിരീക്ഷക സമിതിയാണ് 26/02/21 വെള്ളിയാഴ്ച ഈ വിഷയത്തിൽ പ്രസ്താവന ഇറക്കിയിട്ടുള്ളത്.
ഡിജിസിഎയുടെ നിരീക്ഷക സമിതി പ്രത്യേകമായി അംഗീകരിച്ച അന്താരാഷ്ട്ര ചരക്കു നീക്കത്തിനും അതിനായുള്ള യാത്രകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല. എന്നിരുന്നാലും, തിരഞ്ഞെടുത്ത റൂട്ടുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര യാത്രകൾ സാധ്യമാണ് എന്നും ഡിജിസിഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വിമാനസർവീസുകൾക്കുള്ള നിയന്ത്രണം കഴിഞ്ഞ മാർച്ചിലാണ് രാജ്യത്ത് പ്രഖ്യാപിച്ചിരുന്നത്. സാമ്പത്തിക മേഖലയെ ബാധിക്കുന്ന പല നിയന്ത്രണങ്ങളിലും പിന്നീട് ഇളവ് നൽകിയെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകളിൻ മേൽ കേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഇനിയും ലഘൂകരിക്കാനുണ്ട്.