പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയില്‍ സമകാലിക ജീവിതത്തിന്റെ ദൃശ്യവൈവിധ്യമായി ബിരിയാണി, വാസന്തി എന്നീ മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കലൈഡോസ്‌കോപ്പ് വിഭാഗത്തിലാണ് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ രണ്ടു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 1956 മധ്യതിരുവതാംകൂര്‍ എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഒരു നാടകനടിയായ വാസന്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ വാസന്തി എന്ന ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. വീടിന്റെ വിലക്കുകള്‍ക്കുള്ളില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്ന ഖദീജയുടെ ജീവിതമാണ് ബിരിയാണിയുടെ ഇതിവൃത്തം. ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്കു സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
ഭൂപരിക്ഷകരണത്തിനു മുന്‍പുള്ള മധ്യതിരുവതാംകൂറിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയാണ് 1956 മധ്യതിരുവതാംകൂര്‍. വേഗത്തില്‍ സമ്പന്നരാകാന്‍ ആറ് യുവാക്കള്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സസ്‌പെന്‍സ് ചിത്രത്തിന്റെ പ്രമേയം.ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത കന്നഡ ചിത്രം ഇല്ലിരലാരെ അല്ലിഗെ ഹൊഗാലാരെ, ഇന്ദ്രാനില്‍ റോയ്ചൗധരി ചിത്രം ഡെബ്രി ഓഫ് ഡിസൈര്‍ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.