ചെന്നൈ: സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ ചിത്രം സുരറൈപോട്ര തെരഞ്ഞെടുത്ത 366 ചിത്രങ്ങളിലൊന്നായി ഓസ്കാർ പുരസ്കാരത്തിന് ആദ്യഘട്ടത്തിൽ ജനറൽ കാറ്റഗറിയിൽ ഇടം നേടി. ചിത്രത്തിന്റെ സഹ നിർമാതാവായ രാജശേഖർ പാണ്ഡ്യൻ ആണ് ഈ വിവരം പുറത്തുവിട്ടത്. എയർ ഡെക്കാൻ വിമാന കമ്പനി സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം ആമസോൺ പ്രൈംമിലൂടെയാണ് റിലീസിനെത്തിയത്. ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കുകൂടി യാത്ര ചെയ്യാൻ കഴിയുന്ന വിമാനസർവീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെ അവതരിപ്പിച്ച ഈ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
അപർണ ബാലമുരളി, ഉർവശി, പരേഷ് റാവൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാധാരണ ജൂറി അംഗങ്ങൾക്കായി ലോസാഞ്ചൽസിൽ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുന്ന പതിവായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി ഉള്ളതിനാൽ മത്സര ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തി. ഇത്തവണ ഓൺലൈൻ ആയാണ് ജൂറി അംഗങ്ങൾ സിനിമ കണ്ടത്. അടുത്തഘട്ടത്തിൽ ഈ മാസം 28 മുതൽ യുഎസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കണം.