തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് കലാഭവൻ സോബി. ബാലഭാസ്ക്കർ സഞ്ചരിച്ചിരുന്ന ഇന്നോവയുടെ ഗ്ലാസ് അടിച്ചു തകർക്കുന്നത് കണ്ടതാണ് എന്ന നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സോബിയുടെ മൊഴി വിശ്വാസത്തിലെടുക്കാൻ സിബിഐ തയ്യാറായില്ല. വിഷയത്തിൽ സിബിഐക്കെതിരെ കോടതിയിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് സോബി എന്ന് റിപ്പോർട്ടുകൾ.
താൻ പറഞ്ഞതൊക്കെ കെട്ടിച്ചമച്ച നുണയാണെന്നും തനിക്കെതിരെ കേസ് എടുക്കുന്നതിലൂടെ തന്നെ അപായപെടുത്തുകയാണ് സിബിഐയുടെ ലക്ഷ്യമെന്നും കലാഭവൻ സോബി ആരോപിക്കുന്നു. അസത്യമായ റിപ്പോർട്ട് കോടതിയിൽ കൊടുത്ത സിബിഐ ഉദ്യോഗസ്ഥനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് കലാഭവൻ സോബി പറഞ്ഞു. ഈ സംഭവത്തെ തുടർന്ന് നേരത്തെ സോബിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു എങ്കിലും വീണ്ടും ഒരിക്കൽ കൂടി നുണപരിശോധനയ്ക്ക് വിളിപ്പിച്ചു. എന്തിനാണ് രണ്ടാമത് നുണപരിശോധന എന്ന ചോദ്യത്തിന് നുണപരിശോധന തരണംചെയ്യാൻ സോബി എന്തെങ്കിലും ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്നാണ് സിബിഐ നൽകിയ വിശദീകരണം എന്ന് താരം പറയുന്നു. തന്റെ 53 വയസിനിടക്ക് ഒരു ഡ്രഗ്സും താൻ ഉപയോഗിച്ചിട്ടില്ലെന്ന് സോബി വ്യക്തമാക്കുന്നു. എന്റെ ഡ്രൈവറെ വിളിച്ച് ദൃശ്യം സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞു. ഞാൻ ദൃശ്യം സിനിമ പോലെയാണ് പറഞ്ഞതെങ്കിൽ സിബിഐ ഡയറിക്കുറിപ്പ് പോലെ അവർ അന്വേഷിക്കട്ടെ. ഈ സിബിഐ തന്നെയാണ് അഭയാകേസ് ആത്മഹത്യയാണെന്ന് മൂന്നുതവണ പറഞ്ഞത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണ് ബാലബാസ്ക്കറിന്റേത്. ഇതിന് പിന്നിൽ വമ്പൻ സ്രാവുകൾ ആണുള്ളത്. എന്തൊക്കെ സംഭവിച്ചാലും ഈ കേസുമായി ഞാൻ മുന്നോട്ടുപോവുക തന്നെ ചെയ്യും. സോബി പറഞ്ഞവസാനിപ്പിച്ചു.