കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് തടഞ്ഞ് പോലീസ്, ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കത്തയച്ചു

കൊല്ലം : കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ കമ്പനി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് ടോള്‍ പിരിവ് നീക്കം തുടങ്ങിയത്. രാവിലെ മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. ഏതെങ്കിലും തരത്തിലുള്ള ഉത്തരവിന്റെ പകര്‍പ്പുമായി വന്നാലേ ടോള്‍ പിരിവ് ആരംഭിക്കാന്‍ സാധിക്കൂവെന്നും പോലീസ് വ്യക്തമാക്കി. 26/02/21 വെളളിയാഴ്ച എട്ട് മണി മുതലായിരുന്നു ടോള്‍ പിരിവ് ആരംഭിക്കേണ്ടിയിരുന്നത്.

വാട്‌സാപ്പ് സന്ദേശത്തിലൂടെ 25/02/21 വ്യാഴാഴ്ച രാത്രി വൈകിയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ ഉത്തരവാദികള്‍ കമ്പനി ആയിരിക്കുമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ ബി അബ്ദുള്‍ നാസര്‍ പറഞ്ഞു. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റിക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കത്തയച്ചു.

Share
അഭിപ്രായം എഴുതാം