ഒരു ഡോസ് മതി,ഫ്രീസറില്‍ സൂക്ഷിക്കേണ്ട: ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കോവിഡ് വാക്സിന് യുഎസില്‍ അംഗീകാരം

ന്യൂയോര്‍ക്ക്: ഒരു കുത്തിവയ്പ്പ് മാത്രം ആവശ്യമുള്ള,ഫ്രീസറില്‍ സൂക്ഷിക്കേണ്ടത്താതുമായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് പ്രതിരോധ വാക്സിന് യു.എസ്. ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ) അംഗീകാരം. പൊതുവേ 66 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്ന വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണു കണ്ടെത്തല്‍. വാക്‌സിന്‍ മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവര്‍ത്തകരിലാണ് പരീക്ഷിച്ചത്. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.യുഎസിലും മറ്റ് ഏഴ് രാജ്യങ്ങളിലും സിംഗിള്‍-ഷോട്ട് വാക്‌സിന്‍ കഠിനമായ അസുഖം തടയുന്നതില്‍ മൊത്തത്തില്‍ 66% ഫലപ്രദമാണെന്നും ഏറ്റവും ഗുരുതരമായ ലക്ഷണങ്ങളില്‍ നിന്ന് 85% കൂടുതല്‍ പ്രതിരോധമുണ്ടെന്നും അവര്‍ പറഞ്ഞു.

യു.എസില്‍ ഉപയോഗത്തിന് അനുമതി നല്‍കുന്ന മൂന്നാമത്തെ വാക്സിനാണു ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റേത്.സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന ഈ വാക്സിന്‍ഫൈസര്‍, മോഡേണ വാക്സിനുകളേക്കാള്‍ ചെലവുകുറഞ്ഞതും ഫലപ്രദവുമായ ബദലാണെന്ന് എഫ്.ഡി.എ. പറയുന്നു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വ്യാപകമായ ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ജോണ്‍സന്‍ വാക്സിന്റെ ഫലപ്രാപ്തി താരതമ്യേന കുറവായിരുന്നു. ജൂണ്‍ അവസാനത്തോടെ യു.എസിനു 10 കോടി ഡോസ് ലഭ്യമാക്കാന്‍ കമ്പനിയുമായി ധാരണയായി. യു.കെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ എന്നിവരും വാക്സിന്‍ ഓര്‍ഡര്‍ ചെയ്തു.
അമേരിക്കയില്‍ വാക്സിന്‍ 72 ശതമാനവും ലാറ്റിനമേരിക്കയില്‍ 66 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ 57 ശതമാനവും വാക്‌സിന്‍ ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു. ഫ്രിഡ്ജിലെ അന്തരീക്ഷത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്നതാണ് ഈ വാക്സിന്‍. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന വാക്സിന്‍ ആണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെത്. മറ്റ് വാക്സിനുകള്‍ മൂന്ന് നാല് ആഴ്ചകള്‍ക്കകം വീണ്ടും പരീക്ഷണത്തിനായി കുത്തിവയ്ക്കേണ്ടതുണ്ട്. ഈ വാക്സിന്‍ ഫലപ്രദവും സുരക്ഷിതവുമാണെങ്കില്‍ രോഗനിയന്ത്രണത്തില്‍ ലോകമാകെ ഉപകാരപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം