മൗറീഷ്യസിന് ലക്ഷം വാക്‌സിന്‍ നല്‍കും: ആഫ്രിക്കന്‍ രാജ്യവുമായി അഞ്ച് പ്രധാന വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

പോര്‍ട്ട് ലൂയിസ്: ഇന്ത്യയും മൗറീഷ്യസും തമ്മില്‍ അഞ്ച് പ്രധാന വ്യാപാര കരാറില്‍ ഒപ്പുവച്ചു. ആഫ്രിക്കന്‍ രാജ്യമായുളള ആദ്യ കരാറാണിത്. ചരക്ക് വ്യാപാരം, റൂള്‍സ് ഓഫ് ഒറിജിന്‍, സേവന വ്യാപാരം, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍, ആരോഗ്യ-സസ്യാരോഗ്യ നടപടികള്‍, തര്‍ക്ക പരിഹാരം, വ്യക്തികളുടെ യാത്ര, ടെലികോം, ധനകാര്യ സേവനങ്ങള്‍, കസ്റ്റംസ് നടപടിക്രമങ്ങളും സഹകരണവും എന്നിവ ഉള്‍ക്കൊള്ളുന്ന കരാറാണ് ഇത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ മൗറീഷ്യസ് സന്ദര്‍ശനത്തിലാണ് കരാറുകള്‍ ഒപ്പിട്ടത്. കേന്ദ്ര വാണിജ്യ സെക്രട്ടറി ഡോ. അനുപ് വാധവന്‍, മൗറീഷ്യസ് വിദേശകാര്യ സെക്രട്ടറി ശ്രീ ഹേമന്‍ദോയല്‍ ദിലും എന്നിവര്‍ ഇന്നലെ പോര്‍ട്ട് ലൂയിസിലാണ് കരാറില്‍ ഒപ്പിട്ടത്.

മൗറീഷ്യസുമായി സമഗ്രമായ സാമ്പത്തിക സഹകരണവും പങ്കാളിത്ത ഉടമ്പടിയും (സിഇസിപിഎ) ഏര്‍പ്പെടുത്താന്‍ ആയത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ജയ്ശങ്കര്‍ പറഞ്ഞു. ഒരു ലക്ഷം ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ മൗറീഷ്യസിനു നല്‍കാനും തീരുമാനമായി.

‘ഈ കരാര്‍ പ്രധാനമന്ത്രി സൂചിപ്പിച്ചതുപോലെ ഒരു ആഫ്രിക്കന്‍ രാജ്യവുമായുള്ള ഇന്ത്യയുടെ ആദ്യ കരാറാണിത്. ഇത് നമ്മുടെ കൊവിഡിന് ശേഷമുള്ള സമ്പദ്വ്യവസ്ഥകളുടെ പുനരുജ്ജീവനത്തിന് സമയബന്ധിതമായ ഉത്തേജനം നല്‍കും, കൂടാതെ ഇന്ത്യന്‍ നിക്ഷേപകരെ മൗറീഷ്യസില്‍ ബിസിനസ് ചെയ്യാന്‍ ഈ കരാര്‍ പ്രാപ്തമാക്കും. കോണ്ടിനെന്റല്‍ ആഫ്രിക്കയിലേക്കുള്ള വ്യാപനം മൗറീഷ്യസ് ആഫ്രിക്കയുടെ കേന്ദ്രമായി ഉയര്‍ന്നുവരാന്‍ സഹായിക്കുന്നു. ”അദ്ദേഹം പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുസ്ഥാപിത സംവിധാനം സി.ഇ.സി.പി.എ. ഒരുക്കുന്നു. ഇന്ത്യയുടെ 310 ഉത്പന്നങ്ങളുടെയും മൗറീഷ്യസിന്റെ 615 ഉത്പന്നങ്ങളുടെയും കയറ്റുമതിക്കായി ഇരുരാജ്യങ്ങളുടെയും വിപണി തുറന്നു നല്‍കുന്നതാണ് ഈ കരാര്‍. സേവന വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം,11 വിശാല സേവന മേഖലകളിലും 115 ഓളം ഉപമേഖലകളിലും ഇന്ത്യന്‍ സേവന ദാതാക്കള്‍ക്ക് പ്രവേശനം ലഭിക്കും.11 വിശാല സേവന മേഖലകളും 95 ഓളം ഉപമേഖലകളുമാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം