മുന്‍ കേന്ദ്ര മന്ത്രി സതീഷ് ശര്‍മ അന്തരിച്ചു

പനജി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ക്യാപ്റ്റന്‍ സതീഷ് ശര്‍മ(73) അന്തരിച്ചു. 2016ല്‍ രാജ്യസഭയിലെ കാലാവധി അവസാനിച്ചതോടെ സജീവ രാഷ്ട്രീയത്തില്‍നിന്ന് അകന്നു കഴിഞ്ഞ അദ്ദേഹം കാന്‍സറിനു ചികിത്സയിലിരിക്കെയാണ് മരിച്ചത്.1993 മുതല്‍ 96 വരെ പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു. 1947 ഒക്ടോബര്‍ 11 ന് ആന്ധ്രയിലെ സെക്കന്ദരാബാദിലായിരുന്നു ജനനം. പൈലറ്റായാണു കരിയര്‍ തുടങ്ങിയത്. പൈലറ്റായിരുന്ന ശര്‍മ രാജീവ് ഗാന്ധിയുടെ സ്വാധീനത്തിലാണു കോണ്‍ഗ്രസിലെത്തിയത്. മൂന്നു തവണ വീതം ലോക്സഭയിലും രാജ്യസഭയിലും അംഗമായി.രാജീവ് ഗാന്ധിയുടെ നിര്യാണത്തെത്തുടര്‍ന്ന് അമേഠിയുടെ എം.പിയായി. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ട അദ്ദേഹം റായ്ബറേലിയില്‍നിന്നും ലോക്സഭയിലെത്തിയിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍നിന്നു രാജ്യസഭയിലെത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം