കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ മോചിതനായി. 93 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു കമറുദ്ദീന്‍. 148 വഞ്ചനാ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് ജയില്‍ മോചിതനായത്.
ജയില്‍ മോചിതനായി പുറത്ത് ഇറങ്ങിയതോടെ വികാരാധീനനായ എംഎല്‍എ പൊട്ടികരഞ്ഞു. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതിനായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയാണ് ഇത്. രാഷ്ട്രീയ ഗൂഢാലോചനയാണ്. ഒരു പത്രക്കാരനും ഇതിന് പിന്നില്‍ ഉണ്ട്. ഇവര്‍ക്ക് കാലം മറുപടി നല്‍കും.’ എം സി കമറുദ്ദീന്‍ പറഞ്ഞു.
ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കമ്പനി നിക്ഷേപമായി സ്വീകരിച്ചെങ്കിലും 2019 ഒക്ടോബര്‍ മുതല്‍ വിഹിതം നല്‍കുന്നില്ലെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. പുറത്തിറങ്ങിയ കമറുദ്ദീന്‍ മഞ്ചേശ്വരത്ത് തന്നെ മത്സരിക്കും എന്ന അഭ്യൂഹങ്ങളും ശക്തമാണ്.
കമറുദ്ദീന്‍ ജില്ലയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കോടതി നിര്‍ദേശം വെച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യവും അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ 3 മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയുമാണ് 24 കേസുകളില്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് കോടതി കമറുദ്ദീന് ജാമ്യം അനുവദിച്ചത്. അതാത് കേസുകളുള്ള സ്റ്റേഷന്‍ പരിധിയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങിയ ശേഷമേ പ്രവേശിക്കാവൂ.