അങ്കമാലി: ആന്ധ്രപ്രദേശിലെ നക്‌സല്‍ബാധിത പ്രദേശത്തുനിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. പാലക്കാട് ചോക്കോട് ചാലുവരമ്പ് ഷറഫുദീന്‍(39) ആണ് അറസ്റ്റിലായത്. വിശാഖപട്ടണത്തിലെ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബറില്‍ അങ്കമാലി ക്യാമ്പ്‌ഷെഡ് റോഡില്‍ കാറില്‍ കടത്തിയ 150 കിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ജില്ലാ റൂറല്‍ എസ്പി കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അങ്കമാലി സിഐ സോണിമത്തായി പ്രിന്‍സിപ്പല്‍ എസ്‌ഐ കെഎം സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നത് പ്രധാനമായും ആന്ധ്രപ്രദേശിലെ നക്‌സല്‍ബാധിത പ്രദേശങ്ങളില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി മറ്റൊരു സംഘത്തെ അയക്കുകയായിരുന്നു.