ഈ കുടുംബം ഇനി എന്നും സര്‍ക്കാരിന്റെ കരുതല്‍ തണലില്‍

തിരുവനന്തപുരം: അദാലത്ത് വേദിയില്‍ നിന്നിറങ്ങിയ സുരേന്ദ്രന്‍ – ബേബി ദമ്പതികളുടെ കണ്ണുകളില്‍ ആനന്ദവും വാക്കുകളില്‍ സര്‍ക്കാരിനോടുള്ള നന്ദിയും നിറഞ്ഞു. ശാരീരിക അവശതകളും രോഗങ്ങളും മൂലം ഏറെ വലഞ്ഞിരുന്ന ഇവര്‍ക്ക് ഇനി എന്നും സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകും. പൊതുവിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകളായിരുന്ന ഇവരുടെ കുടുംബത്തിന് നെയ്യാറ്റിന്‍കരയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ സര്‍ക്കാര്‍ ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചു.  ഇതോടെ ഇവരുടെ ബുദ്ധിമുട്ടുകളും പരാധീനതകളും മറികടക്കാന്‍ സര്‍ക്കാരിന്റെ വിവിധ ആനുകൂല്യ പദ്ധതികളുടെ പ്രയോജനം ലഭിക്കും.  കാലങ്ങളായി നടക്കാതിരുന്ന ആവശ്യം അദാലത്തില്‍ മന്ത്രിമാരുടെ ഇടപെടലിലൂടെ അതിവേഗം സാധ്യമായ സന്തോഷത്തിലാണ് ഈ ദമ്പതികള്‍. 

നെയ്യാറ്റിന്‍കര കുവളശേരി സ്വദേശികളാണ് സുരേന്ദ്രനും ബേബിയും. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സുരേന്ദ്രന്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രമേഹരോഗിയാണ്. കാലിനു വൈകല്യമുണ്ട്.  മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്നുള്ള ശാരീരിക അവശതകളുമുണ്ട്.  ഇക്കാരണങ്ങളാല്‍ തൊഴില്‍ ചെയ്യാനാകാത്ത അവസ്ഥയിലുമാണ്.  വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഇവരുടെ റേഷന്‍ കാര്‍ഡ് എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടതായിരുന്നതിനാല്‍ സര്‍ക്കാരില്‍നിന്നുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു പ്രയാസമുണ്ടായിരുന്നു. 

സുരേന്ദ്രന്‍ തന്റെ അവസ്ഥയും ആവശ്യവും കാണിച്ച് സാന്ത്വന സ്പര്‍ശം അദാലത്തില്‍ അപേക്ഷ നല്‍കുകയായിരുന്നു.  തുടര്‍ന്നാണ് സര്‍ക്കാരിന്റെ അതിവേഗ ഇടപെടലിലൂടെ ബി.പി.എല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനമായത്.  പതിറ്റാണ്ടുകളായി അനുഭവിച്ചുവന്ന ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും സര്‍ക്കാരിന്റെ ഈ ഇടപെടല്‍ ആശ്വാസം നല്‍കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം അദാലത്ത് വേദിയില്‍നിന്നു മടങ്ങിയത്.

Share
അഭിപ്രായം എഴുതാം