കെ. സുധാകരനോടും പാർട്ടി പ്രവർത്തകരോടും ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ

കൊച്ചി: കെ സുധാകരൻ നടത്തിയ പ്രസം​ഗവുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം വിവാദമായതിൽ വിഷമമുണ്ടെന്ന് ഷാനിമോൾ ഉസ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകിയ വ്യക്തിയാണ് കെ. സുധാകരൻ. അരൂർ ഉപതെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് വേണ്ടി അദ്ദേഹം ദിവസങ്ങളോളം പ്രവർത്തിച്ചു. തന്റെ പ്രതികരണം സുധാകരനേയും മറ്റ് കോൺഗ്രസ്‌ നേതാക്കളേയും പ്രവർത്തകരേയും വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഷാനിമോൾ പറഞ്ഞു. താൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല. ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും ഷാനിമോൾ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. K. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Share
അഭിപ്രായം എഴുതാം