കൊച്ചി: വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിനെ അമ്പരപ്പിക്കുന്ന നടനാണ് ജോജുജോർജ്. ഇപ്പോഴിതാ നവാഗതനായ ജോഷ് സംവിധാനം ചെയ്യുന്ന ജില്ലം പേപ്പരെ എന്ന ചിത്രത്തിലൂടെ 75 വയസ്സുള്ള അൽഷിമേഴ്സ് രോഗിയാകാൻ ഒരുങ്ങുകയാണ് താരം. ഒരു ചെണ്ടക്കാരന്റെ വേഷത്തിലാണ് ചിത്രത്തിൽ താരം എത്തുന്നത്.
ചെണ്ടക്കാരന്റെ ജീവിതത്തിലെ ചെറുപ്പവും വാർധക്യവും വരച്ച് കാണിക്കുന്ന ചിത്രത്തിൽ 70 -75 വയസ്സാകുമ്പോൾ കഥാപാത്രം അൾഷിമേഴ്സ് രോഗി കൂടിയാകുന്നതാണ് ചിത്രത്തിന്റെ കഥ. ഇതൊരു റിയലിസ്റ്റിക് സിനിമയാണെന്നും ജോജു ചേട്ടന്റെ അഭിനയജീവിതത്തിലെ മികച്ച വേഷമായിരിക്കും ഇത് എന്നുമാണ് താൻ വിശ്വസിക്കുന്നത് എന്ന് ജോഷ് പറഞ്ഞു.
തന്മാത്രയിൽ ഒരു അൾഷിമേഴ്സ് രോഗിയെ മോഹൻ ലാൽ സർ അതിശയകരമായി അവതരിപ്പിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തമായാണ് ജോജു ചേട്ടൻ ഈ വേഷം ചെയ്തിരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ കൂട്ടിച്ചേർത്തു. സംവിധായകൻ മേജർ രവി നിർമ്മിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം അർജുൻ രവി, എഡിറ്റർ രോഹിത് വി എസ് വാരിയത്, സംഗീത സംവിധാനം മണികണ്ഠൻ അയ്യപ്പ, ലൈൻ പ്രെഡ്യൂസർ ബാദുഷ എൻ. എം.