കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ ഹോട്ടലില്‍ ഗുണ്ടാ ആക്രമണം . മദ്യപിച്ചെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത് . 01.2.2021 തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ രണ്ടു പേര്‍ ഭക്ഷണം ആവശ്യപ്പെട്ടു. 11 മണിയായെന്നും കട അടക്കുകയാണെന്നും പറഞ്ഞതോടെ ഇറങ്ങി പോയ ഇവര്‍ വീണ്ടും എത്തി ആക്രമണം നടത്തുകയായിരുന്നു.
കടയുടമ രാജുതാരയേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയാണ് സംഘം പോയത്. എതിര്‍ക്കാന്‍ ശ്രമിച്ച ജീവനക്കാരനേയും ഉടമയേയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മര്‍ദ്ദിക്കുകയും ക്യാഷ് കൗണ്ടറില്‍ നിന്ന് പണം പിടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു. ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട് . ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.