കൊല്ലം: കൊല്ലം കടക്കലില്‍ ഒറ്റക്ക് താമസിച്ചിരുന്ന 70 കാരന്‍ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് പ്രഥമീക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എരൂര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു.
വീട്ടില്‍ ഒറ്റക്കു താമസിച്ചിരുന്ന ഗോപാലനെ ദിവസവും രാവിലെ മകനെത്തിയാണ് വിളിച്ചുണര്‍ത്താറ്. ഇന്നുപുലര്‍ച്ചെ ആറുമണിയോടെ മകനെത്തുമ്പോള്‍ കണ്ടത് വിവസ്‌ത്രനായി കാലിലും കഴുത്തിലും പരിക്കുകളുമായി കിടക്കുന്ന ഗോപാലനെയാണ്. കട്ടിലിന് നേരെ മുകളിലായി ഗോപാലന്‍റെ കൈലിമുണ്ട് ഉത്തരത്തില്‍ കെട്ടിയ നിലയിലും കണ്ടെത്തി. ഒന്നര പവന്‍മാലയും വലിയ ടോര്‍ച്ചും കാണാതായെന്നും മകന്‍ പോലീസിനോട് പറഞ്ഞു. വൈകുന്നേരത്തോടെ ചടയമംഗലത്തെ സ്വര്‍ണ്ണ കടയില്‍ മാലവില്‍ക്കാനെത്തിയ ആളെ സംശയം തോന്നിയ കടയുടമ അയാളെ പോലീസിലേല്‍പ്പിച്ചു. വില്‍ക്കാന്‍ കൊണ്ടുവന്ന മാല ഗോപാലന്‍റേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയതിട്ടുണ്ട്.
എന്നാല്‍ മറ്റൊരാള്‍ വില്‍ക്കാന്‍ തന്ന മാലയാണ് ഇതെന്ന മൊഴിയാണ് യുവാവ് നല്‍കിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മാല വില്‍ക്കാനേല്‍പ്പിച്ച ആളെ കുറിച്ച് അന്വേഷണം തുടരുകയാണ്. ഇയാളെ കണ്ടെത്തുന്നതോടെ ഗോപാലന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനാകുമെന്ന പ്രദീക്ഷയിലാണ് പോലീസ്.