മുസ്ലീംലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കൊച്ചി: ലീഗ് വര്‍ഗീയ പാര്‍ട്ടിയെന്ന പരാമര്‍ശത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ വിമര്‍ശനവുമായി ഇടതുസഹയാത്രികനും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുസ്ലീംലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ഇത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല. പരാമര്‍ശം കേരളത്തിന്റെ മതേതര സാമൂഹ്യശരീരത്തില്‍ സാരമായ മുറിവേല്‍പ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

” പറയാതെ വയ്യ, തെരഞ്ഞെടുപ്പുകള്‍ വരും പോകും, ജയവും തോല്‍വിയും മാറി മറിയാം. പക്ഷെ വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും. സ്‌ഫോടനത്മകമായ സന്ദർഭങ്ങളില്‍ പോലും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച മുസ്ലിം ലീഗിനെ ഇത്തരത്തില്‍ ആക്രമിക്കുന്നതും മുസ്ലിം -ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്പിക്കും”

ലീഗിനെതിരായ പ്രസ്താവനയില്‍ ന്യായീകരണവുമായി വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചതെന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിജയരാഘവന്‍ ആരോപിച്ചിരുന്നു

Share
അഭിപ്രായം എഴുതാം