ഗോലി മാരോ മുദ്രാവാക്യം: ബി.ജെ.പിക്കാരുടെ അറസ്റ്റിന് പിന്നാലെ ഐ.ജിയുടെ രാജി

കൊല്‍ക്കത്ത: ഗോലി മാരോ(വെടിവയ്ക്കു) മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മൂന്നു ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പശ്ചിമ ബംഗാളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. കൊല്‍ക്കത്തയ്ക്കു സമീപത്തെ ചന്ദാനഗര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഹുമയുണ്‍ കബീര്‍ ഐ.ജിയാണ് രാജിവച്ചത്. ഏപ്രില്‍ 30 വരെ സര്‍വീസുള്ള ഉദ്യോഗസ്ഥന്റെ രാജിക്കു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് ബി.ജെ.പി. ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് തൃണമൂല്‍ ടിക്കറ്റില്‍ മത്സരിക്കാന്‍ കളമൊരുക്കാനാണ് ഉദ്യോഗസ്ഥന്റെ പദ്ധതിയെന്നും ബി.ജെ.പി. നേതാക്കള്‍ പറയുന്നു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നും ഔദ്യോഗീക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇതുസംബന്ധിച്ച് വിശദീകരിക്കുമെന്നും ഹുമയൂണ്‍ കബീര്‍ പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഈ മാസം 21 നു നടത്തിയ റാലിയിലാണ് ഗോലി മാരോ(വെടിവയ്ക്കു) എന്ന മുദ്രാവാക്യം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. അതേസമയം, കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ഇതേമുദ്രാവാക്യം മറ്റൊരു രീതിയില്‍ മുഴക്കിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
അഭിപ്രായം എഴുതാം