കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ, പാർലമെന്റ് ബഹിഷ്കരണ നീക്കവുമായി പ്രതിപക്ഷം

ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ച നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. പാര്‍ലമെന്റ്  ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന വെള്ളിയാഴ്ച(29/01/21) രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവും ഇരു സഭകളും ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം അയയുന്നത്. ഇരുസഭകളിലെയും ബഹിഷ്ക്കരണ തീരുമാനം പ്രതിപക്ഷം പിൻവലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. 

കര്‍ഷക പ്രക്ഷോഭം ആളിക്കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബജറ്റ് സമ്മേളനം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകൾ. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിനോട്  മുഖം തിരിക്കാൻ കേന്ദ്രത്തിന് സാധിക്കില്ല. 

രണ്ടുമാസത്തിലധികം നീണ്ടു നിൽക്കുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുമ്പോൾ 16 പ്രതിപക്ഷ പാർട്ടികളാണ് രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്ക്കരിക്കുമെന്ന് സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിനു പുറമെ ആം ആദ്മി പാർട്ടി, അകാലിദൾ എന്നീ കക്ഷികളും ബഹിഷ്ക്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

Share
അഭിപ്രായം എഴുതാം