നിര്‍ബന്ധിത മതപരിവര്‍ത്തനം: ഇന്‍ഡോറില്‍ 9 പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം മധ്യപ്രദേശില്‍ ഒമ്പത് അറസ്റ്റ് രേഖപ്പെടുത്തി. മകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് നിര്‍ബന്ധിച്ച് പരിവര്‍ത്തനം ചെയ്യുന്നെന്നാരോപിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഒരു സ്ത്രീയുടെ മാതാപിതാക്കള്‍ക്കെതിരെയും മറ്റ് ഏഴ് പേര്‍ക്കുമെതിരേയുമാണ് കേസെടുത്തത്. ഇന്‍ഡോറിലെ ഒരു ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ഒരു പ്രാര്‍ത്ഥനാ യോഗത്തിനായി കൊണ്ടുപോയെന്നും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ മര്‍ദ്ദിച്ചെന്നും യുവതി മൊഴി നല്‍കിയെന്ന് പോലിസ് വ്യകതമാക്കി.ഗണേഷ്, ജിതേന്ദ്ര മേത്ത, ലാവ്‌നി എന്നീ പ്രാര്‍ത്ഥന പരിപാടിയുടെ സംഘടനാംഗങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് യുവതിയുടെ മൊഴി. ഇന്‍ഡോര്‍, ഖണ്ട്വ, ബുര്‍ഹാന്‍പൂര്‍, ജാബുവ തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് മുന്നൂറോളം പേരെ മതപരിവര്‍ത്തനത്തിനായി കേന്ദ്രത്തിലേക്ക് എത്തിച്ചതായി ബജ്റങ്ദളിന്റെ പ്രാദേശിക നേതാവ് തന്നു ശര്‍മ ആരോപിച്ചു. എന്നാല്‍, ചൊവ്വാഴ്ചത്തെ പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും തങ്ങള്‍ സ്വന്തമായി അവിടെയെത്തിയതായും സംഭവത്തെക്കുറിച്ച് പരാതികളൊന്നുമില്ലെന്നും പോലിസിനോട് പറഞ്ഞിട്ടുണ്ടെന്ന് ഭന്‍വാര്‍ക്വാന്‍ പോലിസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം