അർണബിനെ അറസ്റ്റു ചെയ്യാൻ ബിജെപി ക്ക് ആണത്തമുണ്ടോയെന്ന് ശിവസേന

മുംബൈ: വിവാദ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിനുപിന്നാലെ അര്‍ണബ് ഗോസ്വാമിക്കെതിരെ ശിവസേന. രാജ്യത്തെ ആഭ്യന്തര സുരക്ഷ വിവരങ്ങളുടെ ചോര്‍ച്ചയാണ് ഇവിടെ സംഭവിച്ചതെന്നും അര്‍ണബിനെതിരെ നടപടി സ്വീകരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ഇത് രാജ്യത്തെ ബാധിക്കുന്ന കാര്യമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രം എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ”ഒരു ജവാന്‍ എന്തെങ്കിലും സൈനികരഹസ്യങ്ങളോ രേഖകളോ കൈവശപ്പെടുത്തിയാല്‍ അദ്ദേഹത്തെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയനാക്കും. ബാലക്കോട്ട് വ്യോമാക്രമണം നടക്കുമെന്ന് അര്‍ണബ് അറിഞ്ഞിരുന്നതായാണ് വാട്‌സാപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നത്. അതിനര്‍ഥം ദേശീയസുരക്ഷയില്‍ വീഴ്ചയുണ്ടായെന്നാണ്. ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഇതിനെതിരേ എന്ത് നടപടി സ്വീകരിക്കും? അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ?” സഞ്ജയ് റാവത്ത് ചോദിച്ചു.

അര്‍ണബിന്‍റെ വിഷയത്തില്‍ ബി.ജെ.പിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും ശിവസേന വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പങ്കുവെക്കുന്നത് ദേശവിരുദ്ധമല്ലെന്നാണ് ബി.ജെ.പിക്കാര്‍ കരുതുന്നതെങ്കില്‍ ദേശീയതയെക്കുറിച്ചുള്ള അവരുടെ നിര്‍വചനം പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു ശിവസേന മുഖപത്രം സാമ്‌നയിലൂടെ പാര്‍ട്ടി വിമര്‍ശനമുന്നയിച്ചത്. അർണബിനെ അറസ്റ്റു ചെയ്യാൻ ബിജെപി ക്ക് ആണത്തമുണ്ടോയെന്നും ശിവസേനാ നേതാക്കൾ ചോദിച്ചു.

Share
അഭിപ്രായം എഴുതാം