ന്യൂഡൽഹി: ബലാകോട്ട് ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്ന് പാക് നയതന്ത്രജ്ഞന്‍ പറഞ്ഞുവെന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തെറ്റെന്ന് ഫാക്ട് ചെക്കിങ്ങ് സൈറ്റായ ആള്‍ട്ട് ന്യൂസ്.
ഇതുമായി ബന്ധപ്പെട്ട ഒറിജിനല്‍ വീഡിയോകളും റിപ്പോര്‍ട്ടുകളും പരിശോധിച്ചതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രതിക് സിന്‍ഹയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ട് ന്യൂസ് ഇന്ത്യന്‍ മാധ്യമങ്ങളുടെ അവകാശവാദത്തിലെ വസ്തുതാപരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത്.
2019 ഫെബ്രുവരിയില്‍ നടന്ന ബലാകോട്ട് ആക്രമണത്തില്‍ 300 പാകിസ്താന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് പാക് നയതന്ത്രജ്ഞന്‍ സമ്മതിച്ചു എന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സത്യത്തില്‍ ഒരു ചര്‍ച്ചയില്‍ പാക് നയതന്ത്രജ്ഞന്‍ സഫര്‍ ഹിലായ് പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.