പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ സ്വീകരിക്കേണ്ട നിലപാടുകളെപ്പറ്റി മുന്‍കൂട്ടി പഠിപ്പിക്കുന്നു

കാസര്‍കോട്‌: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചതോടെ ജയിലില്‍ കഴിയുന്ന പ്രതികളുടെ മൊഴി വ്യത്യസ്ഥമാകാതിരിക്കാന്‍ ജാഗ്രതോടെ സിപിഎം നീക്കം തുടങ്ങി. സിബിഐ സംഘം പ്രതികളെ ചോദ്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ മുന്‍കൂട്ടി പഠിപ്പിക്കാന്‍ അഭിഭാഷക സംഘത്തെ പാര്‍ട്ടി നിയോഗിച്ചു.

സിപിഎം ആഭിമുഖ്യമുളള ലോയേഴ്‌സ്‌ യൂണിയന്റെ യോഗം കാഞ്ഞങ്ങാട്ട്‌ വിളിച്ചുചേര്‍ത്താണ്‌ 4 അഭിഭാഷകരെ ചുമതലപ്പെടുത്തിയത്‌. ഇവര്‍ ജയിലിലുളള പ്രതികളെ സന്ദര്‍ശിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും, അടുത്തകാലത്ത്‌ പ്രത്യേക ചുമതലയില്‍ നിയമനം ലഭിച്ച വനിതാ അഭിഭാഷകയും സംഘത്തിലുണ്ട്‌. 14 പ്രതികളുളള കേസില്‍ എല്ലാവരും സിപിഎം നേതാക്കളേ, പ്രവര്‍ത്തകരോ, അനുഭാവികളോ ആണ്‌. മുന്‍ ഏരിയാ സെക്രട്ടറിക്കും ലോക്കല്‍ സെക്രട്ടറിക്കും മറ്റൊരു പ്രതിക്കും മാത്രമാണ്‌ ജാമ്യം ലഭിച്ചിട്ടുളളത്‌. കേസില്‍ സിബിഐ അന്വേഷണം വന്നതോടെ ജയിലില്‍ കഴിയുന്ന പ്രതികളും പാര്‍ട്ടി നേതൃത്വത്തിനെതിരെ ശബ്ദം ഉയര്‍ത്തിയതായാണ്‌ സൂചന.

എന്തുവന്നാലും സിബിഐ അന്വേഷണം വരില്ലെന്നും എല്ലാവര്‍ക്കും രക്ഷപെടാനുളള പഴുതുകള്‍ ക്രൈംബ്രാഞ്ച്‌ കുറ്റപത്രത്തിലണ്ടെന്നുമായിരുന്നു സിപിഎം പ്രദേശിക നേതൃത്വം പ്രതികളോട്‌ പറഞ്ഞിരുന്നത്‌. സിബിഐ അന്വേഷണം ഉറപ്പായതോടെ ജയിലില്‍ തങ്ങളെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളുള്‍പ്പെടയുളളവരോട്‌ നേതൃത്വത്തിനെതിരെയുളള അതൃപ്‌തി ഇവര്‍ പരസ്യമാക്കിയതായാണ്‌ ‌ സൂചന.

സിബിഐ സൂപ്രണ്ട്‌ നന്ദകുമാരന്‍ നായരുടെ മേല്‍ നോട്ടത്തില്‍ ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലുളള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കൊലപാതകത്തിന്റെ ഡെമ്മി പരീക്ഷണം പൂര്‍ത്തിയാക്കിയ സംഘം രണ്ടാംഘട്ട അന്വേഷണം അടുത്ത ദിവസം തന്നെ തുടങ്ങും. കാസര്‍കോട്‌ ഗവ. ഗസറ്റ്‌ഹൗസില്‍ സിബിഐ ക്യാമ്പ്‌ ഓഫീസും തുറന്നു.

Share
അഭിപ്രായം എഴുതാം