ന്യൂഡല്‍ഹി: ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍’ എന്ന വരികളെ ആധാറിന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നത് അടക്കം നിരവധി കാര്യങ്ങള്‍ ചൂണ്ടികാട്ടി, ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി
11-01-2021ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക്ഭൂഷണ്‍, എസ് അബ്ദുള്‍നസീര്‍, ഭൂഷണ്‍ ഗവായ് എന്നിവര്‍ അംഗങ്ങളായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2012ല്‍ ആരംഭിച്ച നിയമയുദ്ധമാണിത്.
വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതാണ് ആധാര്‍ എന്ന വസ്തുത ഉയര്‍ത്തിപ്പിടിച്ച് നടത്തിയ നിയമപോരാട്ടത്തിനിടെ വിവര ചോര്‍ച്ചയടക്കം നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. ആധാറിന്റെ ഭരണഘടന സാധുതയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ പൗരന്റെ സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രധാന വിധി കരുത്ത് നല്‍കി. ആധാറിന്റെ വാദങ്ങള്‍ക്കിടയില്‍ പലപ്പോഴായി കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു.
ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് 1.30ന് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2018ലെ സുപ്രീംകോടതി ഉത്തരവിന് എതിരെ കോണ്‍ഗ്രസ് നേതാവ് ജയറാംരമേശ് ഉള്‍പ്പെടെയുള്ളവരാണ് പുനഃപരിശോധനാഹര്‍ജി നല്‍കിയത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 സെപ്തംബറില്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര നേതൃത്വം നല്‍കിയിരുന്ന അഞ്ചംഗ ബെഞ്ചാണ് 4:1 ഭൂരിപക്ഷത്തില്‍ ആധാറിന്റെ നിയമസാധുത ഉയര്‍ത്തിപ്പിടിച്ചത്. ഈ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആധാര്‍ ഭരണഘടനാ വിരുദ്ധമാണെന്ന ഭിന്നവിധി പുറപ്പെടുവിച്ചു. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, സ്‌കൂള്‍ പ്രവേശനം എന്നിവയ്ക്ക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു അതേസമയം, സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും ബാങ്ക്അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്കും മറ്റും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഭാവി ഈ വിധിയെ ആശ്രയിച്ചായിരിക്കും.

