ബെയ്ജിംഗ്: ഡൊണാൾഡ് ട്രംപിൻ്റെ അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമത്തിന് പിന്നാലെ അമേരിക്കക്കെതിരെ പരിഹാസവുമായി ചൈന. 2019ല്‍ ഹോങ്കോംഗിൽ നടന്ന ചൈനീസ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തോടും ഇപ്പോള്‍ ക്യാപിറ്റോള്‍ ആക്രമണത്തോടും അമേരിക്ക സ്വീകരിച്ച നിലപാടുകളിലെ വൈരുദ്ധ്യം പരാമര്‍ശിച്ചായിരുന്നു ചൈനയുടെ പരിഹാസം.
ഹോങ്കോംഗ് പ്രതിഷേധക്കാര്‍ നിയമസഭാ മന്ദിരം കയ്യടക്കി നടത്തിയ പ്രതിഷേധത്തിന്റെയും ക്യാപിറ്റോള്‍ ആക്രമണത്തിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് ട്വീറ്റ് ചെയ്തുകൊണ്ടാണ് ചൈനീസ് സര്‍ക്കാരിന്റെ ടാബ്ലോയിഡ് പത്രമായ ഗ്ലോബല്‍ ടൈംസ് രംഗത്തെത്തിയത്.
2019ല്‍ ചൈനീസ് സര്‍ക്കാരിനെതിരെ ഹോങ്കോംഗ് നടത്തിയ ജനാധിപത്യ പ്രക്ഷോഭത്തെ എത്ര മനോഹരമായ കാഴ്ചയെന്ന് അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി വിശേഷിപ്പിച്ചിരുന്നു. വളരെ സമാധാനപരമായി ഹോംങ്കോഗ് പ്രതിഷേധം നടന്നിരുന്ന സമയത്തായിരുന്ന നാന്‍സി പെലോസിയുടെ ഈ പ്രസ്താവന. ഇതുവെച്ചുകൊണ്ടായിരുന്നു ഗ്ലോബല്‍ ടൈംസിന്റെ വിമര്‍ശന പരിഹാസം.
‘സ്പീക്കര്‍ പെലോസി ഒരിക്കല്‍ ഹോങ്കോംഗ് പ്രതിഷേധത്തെ വിശേഷിപ്പിച്ചത് എത്ര മനോഹരമായ കാഴ്ച എന്നായിരുന്നു. ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന സംഭവങ്ങളോടും ഇതു തന്നെ അവര്‍ പറയുമോയെന്ന് കാത്തിരുന്ന് കാണാം,’ ഗ്ലോബല്‍ ടൈംസ് ട്വീറ്റ് ചെയ്തു.
ചൈനയിലെ കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗും മനോഹരമായ കാഴ്ച എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു ക്യാപിറ്റോള്‍ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. അമേരിക്കയിലെ മാധ്യമങ്ങളടക്കം ചിലരുടെ ക്യാപിറ്റോള്‍ ആക്രമണത്തോടുള്ള നിലപാട് വളരെ വൈരുദ്ധ്യാത്മകമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും അഭിപ്രായപ്പെട്ടു.