പക്ഷിപ്പനി സ്ഥിരീകരിച്ച കേന്ദ്രങ്ങളില്‍ താറാവുകളെ കൊന്നുതുടങ്ങി

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂര്‍ ഫാമിലെ അടക്കം 3810 വളര്‍ത്തുപക്ഷികളെ ദ്രൂതകര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കൊന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മേഖലയിലെ പക്ഷികളെയാണ്‌ കൊന്നൊടുക്കിയത്‌. നീണ്ടൂര്‍ മേഖലയിലെ 10,500 പക്ഷികളെ കൊല്ലണമെന്നാണ്‌ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്‌. ബാക്കിയുളളവയെ കൊല്ലുന്ന പ്രവര്‍ത്തി ഇന്നും തുടരും. മൃഗസംരക്ഷണ വുകുപ്പം ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ചേര്‍ന്നാണ്‌ പക്ഷി പനി ബാധിച്ച താറാവുകളെ കൊന്നത്‌.

എഡിഎം അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വുകുപ്പ്‌ ജില്ലാ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി, എന്നിവരുടെ മേല്‍നോട്ടത്തിലാണ്‌ നടപടികള്‍. പിപിഇ കിറ്റ്‌ ധരിച്ചെത്തിയ ദ്രുത കര്‍മ്മ സേനാംഗങ്ങള്‍ താറാവുകളെ പിടികൂടിയ ശേഷം കഴുത്ത്‌ ഞെരിച്ച് കൊല്ലുകയായിരുന്നു. കൂട്ടില്‍ വച്ചുതന്നെയാണ്‌ കൊന്നൊടുക്കിയത്‌.

പാടശേഖരത്തിന്‌ നടുവിലായി കുഴിയെടുത്തശേഷം താറാവുകളെ ചാക്കുകളിലാക്കി കുഴിയില്‍ തളളി .തുടര്‍ന്ന്‌ കത്തിക്കുകയായിരുന്നു. നീണ്ടൂരിലെ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2700 താറാവുകള്‍ അടക്കമുളളതിനെയാണ്‌ ഇന്നലെ കൊന്നൊടുക്കിയത്‌. ഇവിടെ 8000 താറാവുകളാണുണ്ടായിരുന്നത്‌.

ദ്രുത കര്‍മ്മ സേനാങ്ങളെ 10 ദിവസത്തെ ക്വാറന്‍റൈനില്‍ അയക്കും. പക്ഷിപ്പനി ബാധിച്ച താറാവിന്റെ കാഷ്‌ടമോ മറ്റ്‌ അവശിഷ്ടങ്ങളോ ശരീരത്തില്‍ പറ്റിയാല്‍ രോഗബാധ ഉണ്ടാവാനുളള സാധ്യതയുണ്ട്‌. ഇത്‌ ഒഴിവാക്കാനാണ്‌ സേനാംഗങ്ങളെ ക്വറന്‍റൈനില്‍ വിടുന്ന്‌ത്‌. ഇവരിലൂടെ മറ്റാര്‍ക്കും രോഗം പകരാതിരിക്കാനുളള മുന്‍കരുതലാണ്‌ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്‌.

Share
അഭിപ്രായം എഴുതാം