ജനിതകമാറ്റം വരുത്തിയ ചോളത്തിന് നിരോധനമേർപ്പെടുത്തിയ മെക്സിക്കോ സർക്കാരിന്റെ നടപടിക്കെതിരെ കാർഷിക വ്യവസായ ലോബി

മെക്സിക്കോ സിറ്റി: ജനിതകമാറ്റം വരുത്തിയ ചോളത്തിന് നിരോധനമേർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയ മെക്സിക്കോ സർക്കാരിന്റെ നടപടിയിൽ രാജ്യത്തെ പ്രധാന കാർഷിക വ്യവസായ ലോബി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം ചെറുകിട കർഷകരെ സംരക്ഷിക്കുന്ന നടപടിയാണിതെന്നും അഭിനന്ദനാർഹമെന്നും ജൈവ കർഷക സംഘടനകൾ അഭിപ്രായപ്പെട്ടു.

ജനിതകമാറ്റം വരുത്തിയ ചോളം കൃഷി നിരോധിച്ചു കൊണ്ട് 31/12/20 വ്യാഴാഴ്ച വൈകുന്നേരമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ഓടെ ജി‌എം ‌ഒ ധാന്യ ഇറക്കുമതി അവസാനിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ആഭ്യന്തര തലത്തിൽ ജി എം ഒ വിളകളുടെ കൃഷി നിരോധിക്കുന്നത് മെക്സിക്കൻ കർഷകരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്നാണ് വ്യവസായ ലോബിയുടെ പ്രധാന ആരോപണം. കൂടാതെ ഇത്തരം ധാന്യങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നത് ഭക്ഷ്യ വ്യവസായ ശൃംഖലയെ തകർക്കുമെന്നും ജി‌എം‌ ഒ വക്താക്കളായ വ്യവസായികൾ പറയുന്നു. “ യുഎസിൽ നിന്ന് ജനിതകമാറ്റം വരുത്തിയ ധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നത് അഗ്രിഫുഡ് ശൃംഖലയിലെ പല ഉൽ‌പ്പന്നങ്ങൾക്കും അനിവാര്യമാണ് ” മെക്സിക്കോയുടെ നാഷണൽ ഫാം കൗൺസിലിന്റെ വക്താവും ബെയറിന്റെ റീജിയണൽ കോർപ്പറേറ്റ് ഡയറക്ടറുമായ ലോറ തമായോ പറയുന്നു.

അതേ സമയം ജനിതകമാറ്റം വരുത്തിയ വിളകളുടെ എതിരാളികൾ നിരോധനത്തെ സ്വാഗതം ചെയ്തു. “ഇത് ഒരു വലിയ വിജയമാണ്,” മെക്സിക്കോയിലെ ഓർഗാനിക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി മേധാവി ഹോമറോ ബ്ലാസ് പറഞ്ഞു.

“ജി എം വിളകൾ തദ്ദേശീയ ഇനം ധാന്യങ്ങളെ മലിനമാക്കുകയും പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം ഇവ ജൈവവൈവിധ്യത്തിന് ഹാനികരവും അപകടകരവുമായ കീടനാശിനികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.” ഹോമറോ ബ്ലാസ് കൂട്ടിച്ചേർത്തു.

മെക്സിക്കോ കന്നുകാലികളുടെ തീറ്റയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ജി എം ഒ ധാന്യത്തെയാണ്. കന്നുകാലികൾ‌ക്കായി ഇറക്കുമതി ചെയ്യുന്ന ജി‌എം‌ഒ ധാന്യത്തിന് നിരോധനം ബാധകമാകുമോ എന്ന് വ്യക്തമല്ല.

Share
അഭിപ്രായം എഴുതാം