ഇടുക്കി :കോവിഡ് വാക്‌സിനേഷന്‍; ജില്ല പൂര്‍ണ സജ്ജം : ജില്ലാ കളക്ടര്‍

 ഇടുക്കി : കോവിഡ് വാക്സിനേഷന്‍ വിതരണത്തിന് എല്ലാം സംവിധാനങ്ങളും ഒരുക്കി ജില്ല സജ്ജമായെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തിരഞ്ഞെടുത്ത 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ഡ്രൈ റണ്‍ പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി മേഖലകളില്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും വാക്‌സിന്‍ വിതരണം സാധ്യമാക്കും. ജില്ലയില്‍ ഏഴു ആരോഗ്യ ബ്ലോക്കുകളിലായി വാക്‌സിന്‍ സൂക്ഷിക്കുന്നതിനുള്ള 60 ശീതീകരണ സംവിധാനമുള്ള കേന്ദ്രങ്ങളുണ്ട്. ഇടമലക്കുടിയില്‍ ഉള്‍പ്പെടെ 328 വിതരണ കേന്ദ്രങ്ങളുമുണ്ട്. ഏഴായിരത്തോളം ഗുണഭോക്താക്കള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, എന്നിവര്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ വാക്‌സീന്‍ നല്‍കും.

വാക്‌സിനേഷന്‍ ലഭിച്ചു കഴിയുമ്പോള്‍ നടത്തേണ്ട മാതൃകയിലാണ് ഡ്രൈ റണ്‍ പരീക്ഷണം നടത്തിയത്. പ്രവേശനം, ഡാറ്റാ എന്‍ട്രിയും കൃത്യത പരിശോധിക്കലും, വാക്‌സിന്‍ നല്‍കല്‍, നിരീക്ഷണ മുറി തുടങ്ങിയവയുടെ മാതൃകകളാണ് ഇവിടെ സജ്ജമാക്കിയിരുന്നത്. ജില്ലയില്‍ ഇതിനായി വാക്സിന്‍ ടാസ്‌ക് ഫോഴ്സ് രൂപികരിച്ചിട്ടുണ്ട്. വാക്സിന്‍ ക്രമീകരണം,സൂക്ഷിക്കല്‍, വിതരണം എന്നിവയെക്കുറിച്ചു ധാരണയുണ്ടാക്കുകയാണു ലക്ഷ്യം. ജില്ലാ ആര്‍സി എച്ച് ഓഫീസര്‍ ഡോ സുരേഷ് വര്‍ഗീസിനായിരുന്നു ചുമതല. ടാസ്‌ക് ഫോഴ്സിന്റെ അടുത്ത യോഗം ജനുവരി എട്ടിനു ചേരും. പോളിയോ വാക്സീന്‍ നല്‍കുന്നതിനുള്‍പ്പെടെ ജില്ലയില്‍ മികച്ച ആരോഗ്യനെറ്റ് വര്‍ക്ക് നിലവിലുണ്ട്. ഇത് കുറ്റമറ്റ രീതിയില്‍ പുനക്രമീകരിക്കും.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ പ്രിയ, എന്‍എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുജിത് സുകുമാരന്‍, ആര്‍സി എച്ച് ഓഫീസര്‍ ഡോ എം സുരേഷ് വര്‍ഗീസ്, മാസ് മീഡിയ ഓഫീസര്‍ അനില്‍ കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി ജോര്‍ജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം