സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ്

കൊല്ലം: സര്‍ക്കാര്‍ ഓഫീസുകളെ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്  ഓഫീസുകളിലെ ഗ്രീന്‍പ്രോട്ടോകോള്‍ പ്രവര്‍ത്തനം വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്നതിന്  ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി ഹരിത ഓഡിറ്റ് നടത്തും. ആദ്യഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലയില്‍ ആയിരത്തോളം സര്‍ക്കാര്‍ ഓഫീസുകളും/സ്‌കൂളുകളും ഇത്തരത്തില്‍ ജനുവരി 26 നകം ഗ്രീന്‍ ഓഫീസാക്കി മാറ്റുകയാണന്ന ലക്ഷ്യം. ഇതിനായി സംസ്ഥാനതലം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലം വരെ ഓഫീസുകളുടെ എണ്ണത്തിന് ആനുപാതികമായി ഗ്രൂപ്പ് തിരിച്ച് പരിശോധനാ സമിതിയെയും സംഘത്തെയും നിയമിക്കും.

പരിശോധനയില്‍ ആകെയുളള 100 മാര്‍ക്കില്‍  90 മുതല്‍ 100 മാര്‍ക്ക് വരെ നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും, 80-89 വരെ മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് ബി ഗ്രേഡും, 70-79 വരെ മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് സി ഗ്രേഡും നല്‍കും. 70 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് സമയപരിധി നല്‍കി പുനപരിശോധന നടത്തും. ഓരോ വിഭാഗങ്ങളിലും എ ഗ്രേഡ് ലഭിക്കുന്ന ആദ്യ മൂന്ന് ഹരിത ഓഫീസുകള്‍ക്ക് അവാര്‍ഡും നല്‍കും.

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ ഉപയോഗ നിരോധനം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപ്പിലാക്കുക, കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളില്‍ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ജീവനക്കാരുടെ എണ്ണം, ജൈവ അജൈവ പാഴ്വസ്തുക്കള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കുക, ബിന്നുകളില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുക, ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് ഉപാധികള്‍ സ്ഥാപിക്കുക, ഇ-മാലിന്യം, ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍ എന്നിവ കൃത്യമായി നീക്കം ചെയ്യുക, ദ്രവ-മാലിന്യ സംസ്‌കരണത്തിനുളള സംവിധാനം, വൃത്തിയായി പരിപാലിക്കുന്ന അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ശുചിമുറി, പൊതുശുചിത്വം, ജൈവ പച്ചക്കറിതോട്ടം, പൂന്തോട്ടം, ഹരിത ഓഫീസ് നിര്‍ദേശക ബോര്‍ഡുകള്‍ സ്ഥാപിക്കുക, തുടങ്ങിയവയാണ് ഹരിത ഓഫീസിനുളള മാനദണ്ഡങ്ങള്‍. ജനുവരി 26 ന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഹരിത ഓഫീസ് പ്രഖ്യാപനം നടത്തും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9649/Haritha-Audit.html

Share
അഭിപ്രായം എഴുതാം