രാജ്യത്ത് പൊലീസ് സേനയിലേക്ക് സ്ത്രീകൾ എത്തുന്നില്ലെന്ന് റിപ്പോർട്, വനിതാ പ്രാതിനിധ്യം ഇപ്പോഴും 10.3 ശതമാനം മാത്രം

ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സേനയിൽ സ്ത്രീകളുടെ പ്രാതിനിധ്യം താഴ്ന്ന നിലയിൽ തന്നെ തുടരുന്നതായി റിപ്പോർട്ട്.

ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് (ബിപിആർഡി) ഡിസംബർ 30 ബുധനാഴ്ച പുറത്തിറക്കിയ ‘ഡാറ്റാ ഓൺ പോലീസ് ഓർഗനൈസേഷൻ 2020’ പ്രകാരം പോലീസ് സേനയിലെ മൊത്തം 20,91,488 ഉദ്യോഗസ്ഥരിൽ 215,504 പേർ മാത്രമാണ് സ്ത്രീകൾ. ഇത് 10.3 ശതമാനമാണ്.

കേന്ദ്ര സായുധ പോലീസ് സേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം 29,249 ആണ്, ഇത് മൊത്തം 9,82,391 ഉദ്യോഗസ്ഥരുടെ 2.98% മാത്രമാണ്.

രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസികളായ സിബിഐ, എൻ‌ഐ‌എ എന്നിവയിലെ സ്ത്രീകളുടെ പ്രാതിനിധ്യവും പരിതാപകരമാണെന്ന് ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നു.

എൻ‌ഐ‌എയിലെ 796 ഉദ്യോഗസ്ഥരിൽ വെറും 37 വനിതാ ഓഫീസർമാർ മാത്രമേയുള്ളൂ, അതായത് വെറും 4.64 ശതമാനം മാത്രം. സി‌ബി‌ഐയിൽ വിവിധ വിഭാഗങ്ങളിലായി 475 വനിതാ ഓഫീസർമാരുണ്ട്. 2020 ജനുവരി 1 ലെ കണക്കനുസരിച്ച് 5,964 ഉദ്യോഗസ്ഥരിൽ 7.96 ശതമാനമാണ് വനിതാ പ്രാതിനിധ്യം.

പോലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്ക് പ്രധാന ചുമതലകൾ നൽകിയില്ലെങ്കിൽ, സേനയിലെ സ്ത്രീകളുടെ പ്രാതിനിധ്യത്തിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല എന്നാണ് വിദഗ്ധർ പറയുന്നത്.

Share
അഭിപ്രായം എഴുതാം