ന്യൂഡല്‍ഹി:കാര്‍ഷിക വിളകളുടെ സംഭരണത്തില്‍ പരാജയമാണെന്ന് തെളിയിച്ച മദ്ധ്യപ്രദേശ് മോഡല്‍ തങ്ങള്‍ക്ക് വേണ്ടെന്നും പഴങ്ങള്‍ക്കും, പച്ചക്കറികള്‍ക്കുപോലും ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കുന്ന കേരള മോഡല്‍ മതിയെന്നും ന്യൂഡെല്‍ഹി വിജ്ഞാന്‍ഭവന്‍ ഹോളില്‍ ബുധനാഴ്‌ച നടന്ന ചര്‍ച്ചയില്‍ കര്‍ഷക യൂണിയന്‍ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണ്ഡികള്‍ക്ക് പുറത്ത് കാര്‍ഷിക വിളകള്‍ വിറ്റ കര്‍ഷകരെ വണ്ടിച്ചെക്ക് കൊടുത്ത് വഞ്ചിച്ച് കോടികള്‍ തട്ടിയത് കേന്ദ്ര മന്ത്രിമാര്‍ക്ക് മുമ്പാകെ കര്‍ഷകര്‍ വിവരിച്ചുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷക നേതാവ് സന്ദീപ് സിംഗ് പറഞ്ഞു.
മദ്ധ്യപ്രദേശില്‍ പുതിയ കാര്‍ഷിക നിയമത്തിന്റെ ചുവട് പിടിച്ച് മണ്ഡികള്‍ക്ക് പുറത്തുനിന്ന് കാര്‍ഷിക വിളകള്‍ സംഭരിച്ച വ്യാപാരികള്‍ വണ്ടിച്ചെക്ക് കൊടുത്ത് കബളിപ്പിച്ചതില്‍ ഒരു ഗ്രാമത്തില്‍ മാത്രം ഇരുനൂറോളം കര്‍ഷകര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ആറ് കോടി രൂപയുടെ വെട്ടിപ്പ് ഇതിനോടകം പോലീസ് കേസായിട്ടുണ്ട്. വാങ്ങിയ വ്യാപാരികള്‍ നല്‍കിയ വിലാസം പോലും വ്യാജമായിരുന്നു. മണ്ഡികള്‍ക്ക് പുറത്തുളളവരായിരുന്നതിനാല്‍ കര്‍ഷകരും തിരിച്ചറിഞ്ഞില്ല. ഇക്കാര്യങ്ങള്‍ മന്ത്രിയെ ധരിപ്പിച്ച കര്‍ഷക നേതാക്കള്‍ മണ്ഡികളില്ലാതായാല്‍ കര്‍ഷകരെ കാത്തിരിക്കുന്നത് ഇത്തരം നഷ്ടങ്ങളാണെന്ന് ഓര്‍മ്മിപ്പിച്ചു. വിജ്ഞാന്‍ ഭവനില്‍ ഉച്ചക്ക് രണ്ടുമണിക്ക തുടങ്ങിയ ചര്‍ച്ച വൈകിട്ട 7 മണിവരെ നീണ്ടു.