ബിജെപി ബംഗാളി സംസ്‌കാരത്തിന്റെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കുന്നു: മമത ബാനര്‍ജി

കൊല്‍ക്കത്ത: വികലമായ വസ്തുതകളുടെ സഹായത്തോടെ ബംഗാളി സംസ്‌കാരത്തിന്റെ നട്ടെല്ല് തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.’അവര്‍ ബംഗാളികളുടെ അഭിമാനം തകര്‍ക്കാനും നമ്മുടെ ചരിത്രം മായ്ക്കാനും ഭൂമിശാസ്ത്രപരമായ അതിര്‍ത്തി ഇല്ലാതാക്കാനും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനും ശ്രമിക്കുകയാണ്. ബംഗാളിന്റെ സംസ്‌കാരം അവര്‍ അവതരിപ്പിക്കന്നതല്ല,- ബാനര്‍ജി പറഞ്ഞു. രണ്ട് ദിവസത്തെ ജില്ലാ സന്ദര്‍ശനത്തിനെത്തിയ മമത, ബിര്‍ഭം ജില്ലയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. പുതുച്ചേരി സര്‍വകലാശാല, ജെഎന്‍യു, നളന്ദ സര്‍വകലാശാല തുടങ്ങി രാജ്യത്തെ എല്ലാ വിവര-സാംസ്‌കാരിക കേന്ദ്രങ്ങളും ബിജെപി ഇതിനാണ് ആക്രമിക്കുന്നത്. രബീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതിയെ ഇത്തരത്തില്‍ നിയന്ത്രിക്കാനാണ് പുറത്ത് നിന്ന് വന്ന ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്തിന്റെ കത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മമത ബാനര്‍ജി ഭരണകൂടം പരാജയപ്പെട്ടവെന്നും തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെടുമെന്ന് അവര്‍ക്കറിയാം. അതിനാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ബിജെപിയെ ആക്രമിക്കുകയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ എതിര്‍ക്കുകയും ചെയ്യുകയാണെന്നാണ് ബിജെപി വക്താവ് സമിക് ഭട്ടാചാര്യ ഇതിനോട് പ്രതികരിച്ചത്.

Share
അഭിപ്രായം എഴുതാം