മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിനു ആദരമർപ്പിച്ച് ഉപരാഷ്ട്രപതി

മുൻ പ്രധാനമന്ത്രി ശ്രീ പി വി നരസിംഹറാവുവിനു ആദരമർപ്പിച്ച് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു. രാജ്യത്ത് വികസനം  വേഗത്തിൽ സാധ്യമാക്കുന്നതിന് നരസിംഹറാവു തുടക്കമിട്ട ശക്തമായ സാമ്പത്തിക പരിഷ്കാരങ്ങൾ വഴി തുറന്നതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.


 മുതിർന്ന മാധ്യമപ്രവർത്തകനായ എ കൃഷ്ണറാവു രചിച്ച തെലുഗു ഗ്രന്ഥമായ ”വിപ്ലവ തപസ്വി: പി വി”  ഹൈദരാബാദിൽ പ്രകാശനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. നരസിംഹറാവു പ്രധാനമന്ത്രിയായി ഉത്തരവാദിത്വമേറ്റ കാലയളവിൽ രാജ്യം സാമ്പത്തികപരമായും രാഷ്ട്രീയപരമായും നിരവധി വെല്ലുവിളികൾ നേരിടുകയായിരുന്നു എന്ന് ഉപരാഷ്ട്രപതി സ്മരിച്ചു.

 രാജ്യം കണ്ട മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു നരസിംഹറാവു എന്ന് പറഞ്ഞ  ഉപരാഷ്ട്രപതി, അദ്ദേഹത്തിന്റെ എല്ലാ നയങ്ങളോടും ഏവരും യോജിക്കുകയില്ല എങ്കിലും നരസിംഹറാവു സ്വീകരിച്ച വിശാല പരമായ നടപടികൾ രാജ്യത്തിന്റെ പൊതുതാൽപര്യം മുൻനിർത്തി ഉള്ളതായിരുന്നു എന്ന്  അഭിപ്രായപ്പെട്ടു. ലോക വ്യാപാര സംഘടന യിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് വഴിതുറന്നത് നരസിംഹറാവു ആയിരുന്നു.

 ലൈസൻസ് രാജ് സംവിധാനം ഒഴിവാക്കാനും, ബാങ്കിങ് പരിഷ്കാരങ്ങൾ നടപ്പാക്കാനും വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാനും  രാജ്യത്തെ ടെലികോം മേഖലയെ ആധുനികവൽക്കരിക്കാനും നടപടികൾ   സ്വീകരിച്ചതിനുപുറമേ കയറ്റുമതി വരുമാനം വർധിപ്പിക്കാനും കൂടുതൽ വിദേശ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ആകർഷിക്കാനും നരസിംഹറാവു മുന്നിട്ടിറങ്ങിയതായി  ഉപരാഷ്ട്രപതി സ്മരിച്ചു. ഭക്ഷ്യധാന്യങ്ങളുടെ ചരക്കുനീക്കവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ്  കാർഷിക മേഖലയിലും വലിയ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 

73, 74 ഭരണഘടനാ ഭേദഗതികളിലൂടെ പ്രാദേശിക ഭരണകൂടങ്ങളെ  ശാക്തീകരിക്കാനായി മുൻപ്രധാനമന്ത്രി സ്വീകരിച്ച നടപടികൾ  ഉപരാഷ്ട്രപതി അനുസ്മരിച്ചു.   മുൻ പ്രധാനമന്ത്രിയെ ബഹുമുഖപ്രതിഭ എന്ന് വിശേഷിപ്പിച്ച ശ്രീ നായിഡു ബഹുഭാഷാ പണ്ഡിതനും വിജ്ഞാനിയും  ആയിരുന്നു  അദ്ദേഹമെന്ന്  ചൂണ്ടികാട്ടി . എന്നാൽ അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഉപരാഷ്ട്രപതി സംശയം പ്രകടിപ്പിച്ചു

രാജ്യസഭ എം പി കെ. കേശവ റാവു, ശ്രീ  കൃഷ്ണ റാവു, ഗ്രന്ഥത്തിന്റെ പ്രസാധകനായ ശ്രീ രാഘവേന്ദ്ര റാവു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1684001

Share
അഭിപ്രായം എഴുതാം