‘ഒന്നോ രണ്ടോ വര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കട്ടെ, കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെങ്കില്‍, ഭേദഗതി ചെയ്യാം’ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷമെങ്കിലും നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ വെളളിയാഴ്ച (25/12/20) നടന്ന ഒരു റാലിയിലാണ് ഇത്തരമൊരു ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചത്.

‘ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കട്ടെ. ഇത് ഒരു പരീക്ഷണമായി ശ്രമിക്കാം, കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെങ്കില്‍, സാധ്യമായ എല്ലാ ഭേദഗതികള്‍ക്കും സര്‍ക്കാര്‍ തയ്യാറാകും,’ രാജ്‌നാഥ് സിങ് പറഞ്ഞു.

ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ ചെറുക്കുന്നതിന് 100 പത്രസമ്മേളനങ്ങളും 700 മീറ്റിംഗുകളും പൊതുറാലികളും നടത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു സല്‍ഹിയിലെ റാലി.

“എല്ലാ പ്രശ്നങ്ങളും നമുക്ക് സംഭാഷണത്തിലൂടെ പരിഹരിക്കാനാകും. കര്‍ഷകരുമായി ചര്‍ച്ച തുടരണമെന്ന് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു. കാര്‍ഷിക നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിഷേധിക്കുന്ന എല്ലാ കര്‍ഷകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇത് നടപ്പിലാക്കാന്‍ നിങ്ങള്‍ അനുവദിക്കണം” പ്രതിരോധ മന്ത്രി പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിലുള്ള അഭ്യര്‍ത്ഥനയുമായി രാജ്‌നാഥ് സിങ് രംഗത്തെത്തുന്നത്.

ധര്‍ണ്ണയില്‍ ഇരിക്കുന്നവര്‍ കര്‍ഷകരാണ്, കര്‍ഷകരുടെ കുടുംബത്തില്‍ ജനിച്ചവരാണ്. തങ്ങള്‍ക്ക് അവരോട് വളരെയധികം ബഹുമാനമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം