ആറ്റിങ്ങല്‍: കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അച്ഛന്‍ അറസ്റ്റിലായത്. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറിനെയാണ് 22/12/20 ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ‘പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട് ‘ പൊലീസ് പറഞ്ഞു.
ആളെ കണ്ടെത്താനായി പൊലീസ് 21/12/20 തിങ്കളാഴ്ച പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. പിന്നാലെയാണ് സുനില്‍ കുമാര്‍ അറസ്റ്റിലാകുന്നത്.
സംഭവത്തില്‍ കുട്ടികളുടെ മൊഴിയെടുക്കും. ഇയാളെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം. രണ്ടു കുഞ്ഞുങ്ങളെ മര്‍ദ്ദിക്കുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ദൃശ്യത്തില്‍ കാണുന്ന വ്യക്തിയെ തിരിച്ചറിയാന്‍ കഴിയാതായതോടെ പ്രതിയെ കണ്ടെത്താന്‍ പൊലീസ് സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്റെയും എടുത്ത് എറിയുന്നതിന്റെയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.
പതിമൂന്നു വയസ്സ് തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയും ഏകദേശം പത്ത് വയസ്സുള്ള ആണ്‍കുട്ടിയുമാണ് ദൃശ്യങ്ങളില്‍. 45 വയസ്സ് തോന്നിക്കുന്ന കുട്ടികളുടെ അച്ഛനാണ് അതിക്രൂരമായി കുട്ടികളെ മര്‍ദിക്കുന്നത്. കാണാതായ മദ്യക്കുപ്പി കുട്ടികള്‍ എടുത്തുവെന്ന് ആരോപിച്ചാണ് അതിക്രൂരമായി ഇവരെ മര്‍ദിക്കുന്നത്.
തങ്ങള്‍ എടുത്തിട്ടില്ലെന്നും അറിയില്ലെന്നും കുട്ടികള്‍ കരഞ്ഞു പറയുന്നു ണ്ടെങ്കിലും ഇയാള്‍ മര്‍ദ്ദനം അവസാനിപ്പിക്കുന്നില്ല. തന്റെ അനുജന് അടികൊള്ളാതിരിക്കാന്‍ മുന്നില്‍ നിന്ന് പെണ്‍കുട്ടി അടിവാങ്ങുന്നു. അതേസമയം അച്ഛന്‍ ചേച്ചിയെ അടിക്കുമ്പോള്‍ അത് തടയാന്‍ ഇളയകുട്ടി ശ്രമിക്കുന്നുമുണ്ട്.
നിലത്ത് ഇരിക്കുന്ന കുട്ടികളുടെ അമ്മയെയും ഇയാള്‍ ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. അമ്മയെ ഒന്നും ചെയ്യരുതെന്നു കുട്ടികള്‍ കരഞ്ഞു കൊണ്ട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.