യുഡിഎഫ് അപ്രസക്തമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അപ്രസക്തമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അപ്രസക്തമായെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല.രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തെര‍ഞ്ഞെടുപ്പിൽ കൂടുതൽ നേട്ടം പ്രതീക്ഷിച്ചിരുന്നു. നേട്ടം ലഭിക്കാത്തതിൽ വിഷമമുണ്ടെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

പൊതു രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ ചർച്ചയായില്ല.കേരളത്തിലെ എൽ‌ഡിഎഫ് സർക്കാർ അഴിമതിയും കൊള്ളയുമായി മുന്നോട്ടുപോകുന്ന സർക്കാരാണ്. തെരഞ്ഞെടുപ്പ് വിജയം കൊണ്ട് അഴിമതി ഇല്ലാതായെന്ന് പറയാനാകില്ല. കേരളത്തിലെ ജനങ്ങൾ ഇത് അം​ഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല പറ‍ഞ്ഞു.

കേരളത്തിലെ ചരിത്രത്തിൽ ബിജെപി ക്ലച്ച് പിടിക്കില്ല. കേന്ദ്രത്തിന്റെ പിന്തുണയോടെ കേരളം പിടിച്ചടക്കുമെന്ന ബിജെപിയുടെ അവകാശവാദങ്ങൾ പൊളിഞ്ഞുവീണു. ഏതാനും ചില പോക്കറ്റുകളിൽ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. കേരളത്തിലെ മഹാഭൂരിപക്ഷം ആളുകളുടേയും പിന്തുണയുള്ള മുന്നേറ്റമായി യുഡിഎഫ് ഇപ്പോഴും നിലനിൽക്കുകയാണ്. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളർത്താനുള്ള തന്ത്രമാണ് സിപിഐഎം സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Share
അഭിപ്രായം എഴുതാം