ദില്ലി: കോവിഡ് -19 മഹാമാരി രാജ്യത്ത് കാട്ടുതീ പോലെ പടർന്നിട്ടുണ്ടെന്ന് സുപ്രീംകോടതി. മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് ഈ നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കോവിഡിനെതിരായി നടക്കുന്ന പ്രവർത്തനങ്ങളെ ലോകമഹായുദ്ധമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി, അഭൂതപൂർവമായ പകർച്ചവ്യാധി കാരണം ലോകത്തിലെ എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ദുരിതമനുഭവിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
എട്ട് മാസത്തെ അശ്രാന്ത പരിശ്രമം കാരണം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മുൻനിര ആരോഗ്യ പ്രവർത്തകർ ശാരീരികമായും മാനസികമായും തളർന്നുപോയെന്നും അവർക്ക് ഇടയ്ക്കിടെ വിശ്രമം നൽകുന്നതിന് ചില സംവിധാനങ്ങൾ ആവശ്യമാണെന്നും ജസ്റ്റിസുമാരായ ആർ എസ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.
ഈ പകർച്ചവ്യാധി സമയത്ത് എല്ലാ സംസ്ഥാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കുകയും കേന്ദ്രവുമായി യോജിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്നും കോടതി വിലയിരുത്തി