ഭോപ്പാൽ: മധ്യപ്രദേശിലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ ഡിസംബർ 18 മുതലും കോളജുകൾ ജനുവരി 1 മുതലും വീണ്ടും തുറക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
സ്‌കൂളുകളിലെയും കോളേജുകളിലെയും ക്ലാസുകൾ പുനരാരംഭിക്കുന്നതിന് ഭോപ്പാലിലെ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും തിങ്കളാഴ്ച(15/12/2020) തിരുമാനിച്ചു.
“ബോർഡ് പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 10, 12 ക്ലാസുകൾക്കുള്ള സ്കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. ശരിയായ ശുചിത്വം, മുഖംമൂടികൾ, സാമൂഹിക അകലം പാലിക്കൽ എന്നിവയുൾപ്പെടെ കോവിഡ് 19 ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ വകുപ്പ് സ്‌കൂൾ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്,”സ്‌കൂൾ വിദ്യാഭ്യാസകാര്യ മന്ത്രി ഇന്ദർ സിംഗ് പർമർ പറഞ്ഞു.
ഒൻപത്, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഈ ആഴ്ച അവസാനത്തോടെ സ്കൂളുകൾ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സ്‌കൂൾ പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡിസംബർ 4 ന് നടന്ന സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ 2021 ഏപ്രിൽ 1 മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.